തൃശ്ശൂര്‍: ആറ് പതിറ്റാണ്ടിലേറെ പുലികളിയിൽ സജീവമായിരുന്ന ചാതുണ്ണി ആശാൻ അന്തരിച്ചു.  വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കല്ലൂര്‍ നായരങ്ങാടിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 

പുലി വരയും പുലിത്താളവും എന്നും ഹരമായിരുന്ന ചാതുണ്ണി, തന്റെ 16ാം വയസിലാണ് ആദ്യമായി പുലി വേഷമിട്ടത്. രണ്ടുപേർ തോളിൽ ചുവക്കുന്ന ഉലക്കയില്‍ കയറിനിന്ന് പുലിയാട്ടം നടത്തിയ കാലംതൊട്ട് ചാതുണ്ണിയുണ്ട്. അന്ന് പൂങ്കുന്നം സംഘത്തിനുവേണ്ടിയായിരുന്നു രംഗത്തിറങ്ങിയതെങ്കിൽ, പിന്നീടിങ്ങോട്ട് കാനാട്ടുകര ദേശത്തിന് വേണ്ടി പതിറ്റാണ്ടുകളോളം വേഷമിട്ടു. 2017 ൽ അയ്യന്തോളിനുവേണ്ടിയായിരുന്നു ചാതുണ്ണിപ്പുലി അവസാനമായി നഗരത്തിലിറങ്ങിയത്. 41 ദിവസത്തെ പ്രത്യേക വ്രതം നോറ്റാണ്  അദ്ദേഹം പുലിവേഷത്തിനായെത്തുക. 

അറുപത് വര്‍ഷത്തോളം തൃശ്ശൂരിലെ പുലികളി രംഗത്ത് തിളങ്ങിനിന്ന അദ്ദേഹം പുലികളിയിലെ കാരണവരും ആയി. കുട വയർ ഇല്ലാതെ ശ്രദ്ദിക്കപ്പെട്ട അപൂർവം പുലി കളിക്കാരിൽ ഒരാളായിരുന്നു. വയറിൽ പുലി മുഖം വരക്കുന്നത് അദ്ദേഹത്തിന് ഇഷ്‌ടമല്ലായിരുന്നു. അതിനാൽ തന്നെ പുലി മുഖം വരച്ചിരുന്നില്ല.

ഏതാണ്ട് എല്ലാ പുലി സംഘങ്ങൾക്കും വേണ്ടി തട്ടത്ത് ഇറങ്ങിയ ചരിത്രം ചാതുണ്ണിക്കുണ്ട്. പുലിമടയില്‍ പാട്ടുപാടിയും തമാശകള്‍പറഞ്ഞും ചാതുണ്ണിയും ഉണ്ടാകാറുണ്ട്. ആശാരിപ്പണിയായിരുന്നു ചാതുണ്ണിയുടെ ഉപജീവനമാര്‍ഗ്ഗം. 2017 ഇൽ തൃശ്ശൂര്‍ വടക്കേ സ്റ്റാൻഡിൽ വീണ് കാലിനു പരിക്കേറ്റത്തോടെയാണ് ചാതുണ്ണി ആശാൻ പുലി കളിയോട് വിട പറഞ്ഞത്.  ഇടുപ്പെല്ലില്‍ പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയ ഡോക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും പ്രായത്തിന്റെ പ്രശ്‌നങ്ങളെ തുടര്‍ന്ന് വേണ്ടെന്ന് വച്ചു.