താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു

തൃശൂര്‍: തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വോട്ടര്‍ പട്ടിക ആരോപണങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. അതുമല്ലെങ്കിൽ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര മന്ത്രിയായതിനാലാണ് പ്രതികരിക്കാത്തത്. ചില വാനരന്മാര്‍ ഇവിടെ നിന്ന് 'ഉന്നയിക്കലുമായി' ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോയെന്നും സുരേഷ് ഗോപി പരിഹസിച്ചു. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നൽകും. 

കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പേര് എടുത്തു പറയാതെ പരിഹസിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോപണങ്ങളുമായി ഇറങ്ങിയ വാനരന്മാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കട്ടെയെന്നും ചോദ്യങ്ങൾക്ക് കമ്മീഷനാണ് മറുപടി പറയേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ശക്തൻ തമ്പുരാന്‍റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. . ശക്തൻ തമ്പുരാൻ ശക്തനായ ഭരണാധികാരിയായിരുന്നുവെന്നും ആ ശക്തനെ തിരിച്ചു പിടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ശക്തൻ പ്രതിമയിൽ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ആദ്യമായാണ് വോട്ടര്‍ പട്ടിക വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിക്കുന്നത്. 

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് തുടങ്ങിയ കാര്യങ്ങളിൽ മാധ്യമങ്ങൾ രണ്ടാഴ്ചക്കാലത്തിലേറെയായി ചോദിക്കുന്ന ചോദ്യങ്ങളോട് മുഖം തിരിഞ്ഞു നിന്ന സുരേഷ് ഗോപിയാണ് ഇന്ന് പ്രതികരിച്ചത്. ആഗസ്റ്റ് 17ന് തൃശൂർ വടക്കുംനാഥനിൽ നടന്ന ആനയൂട്ടിന് മണ്ഡലത്തിൽ വന്നു പോയ സുരേഷ് ഗോപി തന്‍റെ ഓഫീസിന് നേരെ കരിഓയിൽ ഒഴിച്ചുള്ള പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് വീണ്ടും വന്നത്. എന്നാൽ, അന്നും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.

YouTube video player