Asianet News MalayalamAsianet News Malayalam

തൃത്താല പീഡനം: ലഹരി മരുന്ന് പാർട്ടിയിൽ പങ്കെടുത്തവരിൽ പ്രമുഖ നേതാവിൻ്റെ മകനും

പൊലീസെത്തി അഭിലാഷിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തിട്ടും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു

Thrithala drug party
Author
Thrithala, First Published Jul 10, 2021, 8:07 AM IST

പാലക്കാട്: തൃത്താലയില്‍ ലഹരിമരുന്നു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ആരോപണവിധേയന് രാഷ്ട്രീയ ബന്ധവും. പട്ടാമ്പിയിലെ ഹോട്ടലില്‍ നടന്ന ലഹരി മരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്ത ഒൻപതംഗ സംഘത്തിലുള്‍പ്പെട്ടയാള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഏത് ഉന്നതനായാലും കുറ്റവാളികളെ പിടികൂടണമെന്ന ആവശ്യവുമായി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞമാസം നാലിനാണ് തൃത്താല പീഡനക്കേസിലെ പ്രതി അഭിലാഷ് പെണ്‍കുട്ടിയെ പട്ടാമ്പിയിലെ ഹോട്ടലിലെത്തിച്ചത്. നാലാംദിവസമാണ് തൃത്താല പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നത്. ഇതിനിടയില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ഒൻപത് പേര്‍ പങ്കെടുത്തെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഡിജെ മുസ്തഫ, മുനീര്‍, ശ്രീജിത്ത്, പ്രണോയ്, സുഹൈര്‍, അമീന്‍, അക്ബര്‍ സുല്‍ത്താന്‍ എന്നിവര്‍ ലഹരിപാര്‍ട്ടിക്കായി മുറിയില്‍ വന്നുപോയിരുന്നതായാണ് പെണ്‍കുട്ടിയുടെ പരാതി. 

ഇതിലൊരാള്‍ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്‍റെ മകനെന്നാണ് സൂചന. പൊലീസെത്തി അഭിലാഷിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തിട്ടും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ഉന്നത ബന്ധങ്ങളുടെ പേരിലാണ് അന്വേഷണം മുന്നോട്ട് പോകാതിരുന്നതെന്നും വ്യക്തം. പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ അന്വേഷണമാരംഭിച്ചതോടെ ലഹരിപാര്‍ട്ടിയിൽ പങ്കെടുത്തവരെ പിടികൂടണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തി

പട്ടാമ്പി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരി സംഘത്തെപ്പറ്റി പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ നിരീക്ഷണത്തിലുമുണ്ട്. തെളിവുകള്‍ ശേഖരിക്കുന്ന മുറയ്ക്ക് തുടര്‍ നടപടിയുണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios