Asianet News MalayalamAsianet News Malayalam

തൃത്താല സ്നേഹനിലയത്തിൽ മൂന്ന് വർഷത്തിനിടെ 21 മരണങ്ങൾ; പോസ്റ്റ്‌മോർട്ടത്തെ കുറിച്ച് വ്യക്തതയില്ല

ഇവിടുത്തെ അന്തേവാസി സിദ്ദിഖ് മർദ്ദനമേറ്റ് മരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സിദ്ദിഖിനെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും കൂടുതൽ ബന്ധുക്കളിൽ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും

Thrithala snehanilayam 21 deaths in three years
Author
Thrithala, First Published Mar 5, 2020, 11:33 AM IST

പാലക്കാട്: തൃത്താല സാന്ത്വന ചികിത്സകേന്ദ്രമായ സ്നേഹനിലയത്തിനെതിരെ ഗുരുതര കണ്ടെത്തലുകൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മരിച്ചത് 21 അന്തേവാസികൾ എന്ന ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരുടെ പോസ്റ്റ്മോർട്ടം നടന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്നേഹനിലയത്തിന് ഗ്രാമപഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ അനുമതി ഇല്ലെന്നും കണ്ടെത്തി. വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്.

ഇവിടുത്തെ അന്തേവാസി സിദ്ദിഖ് മർദ്ദനമേറ്റ് മരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സിദ്ദിഖിനെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും കൂടുതൽ ബന്ധുക്കളിൽ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.

അന്തേവാസി സിദ്ദിഖ് ചൊവ്വാഴ്ചയാണ് തൃശ്ശുരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് സിദ്ദിഖിന്റെ മരണ കാരണമെന്നാണ് പോസ്റ്റോമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പോസ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കുന്നത്. 

കഴിഞ്ഞമാസം 20ന് സിദ്ദിഖിനെ വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി ബന്ധുക്കൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് 29നാണ് മർദ്ദനമേറ്റെന്ന പരാതി തൃത്താല പൊലീസിന് കിട്ടുന്നത്. ക്രൂര മർദ്ദനമേറ്റെങ്കിൽ പരാതി നൽകാൻ വൈകിയത് ആശയക്കുഴപ്പമുണ്ടാക്കുന്നെന്ന് പൊലീസ് പറയുന്നു.

തൃശ്ശൂരിലെ ചികിത്സാരേഖകൾ കൂടി പരിശോധിക്കണമെന്നാണ് പൊലീസ് നിലപാട്. കൂടുതൽ ബന്ധുക്കളിൽ നിന്നും വിശദമായ മൊഴിയെടുക്കും. ഇപ്പോൾ ക്രൂരമർദ്ദനത്തിന് മാത്രമാണ് കേസ്സെടുത്തിരിക്കുന്നത്. മാനസിക നില തെറ്റിയ അന്തേവാസികളോട് പലപ്പോഴും ബലപ്രയോഗം നടത്തേണ്ടിവരാറുണ്ടെന്ന് അറസ്റ്റിലായ മുഹമ്മദ് നബീൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ മർദ്ദിക്കാറില്ലെന്നും മൊഴിനൽകി. ഇതിന്റെ യാഥാർത്ഥ്യമറിയാൻ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. ഒപ്പം പ്രദേശവാസികളുടെ മൊഴിയുമെടുക്കും.

Follow Us:
Download App:
  • android
  • ios