Kerala Rain : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ഉടൻ;മുല്ലപ്പെരിയാർ 142 അടിയായി
വരും മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടും. പിന്നീടിത് തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ച് ആന്ധ്ര തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് (rain fall)സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത(gusty wind) ഉണ്ട്. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് (yellow alert)പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. വരും മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടും. പിന്നീടിത് തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ച് ആന്ധ്ര തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് മീൻ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
ഇതിനിടെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി. ഇവിടെ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 4900 ഘനയടി ആക്കി. ആകെയുള്ള ഒമ്പത് ഷട്ടറുകളിൽ അഞ്ചെണ്ണം 60 സെന്റീമീറ്ററും നാലെണ്ണം 30 സെന്റിമീറ്ററും ഉയർത്തിയിട്ടുണ്ട്.പെരിയാർ പെരിയാർ നദിയിൽ ജലനിരപ്പ് മൂന്നടിയോളം ഉയർന്നു.പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദേശം നൽകി