ദുബായ്: തുഷാർ വെള്ളാപ്പള്ളി തനിക്ക് മാത്രമല്ല, പലർക്കും പണം കൊടുക്കാനുണ്ടെന്ന് വണ്ടിച്ചെക്ക് കേസിലെ പരാതിക്കാരൻ നാസിൽ അബ്ദുള്ള. ഭയം മൂലമാണ് പലരും പരാതി കൊടുക്കാത്തതെന്നും നാസിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്‍റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. മുഖം വെളിപ്പെടുത്താൻ പേടിയുണ്ട്. ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറാണെന്നും പക്ഷേ, മുഴുവൻ പണം കിട്ടാതെ കേസിൽ നിന്ന് പിൻമാറില്ലെന്നും നാസിൽ.

കേസുമായി ബന്ധപ്പെട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനപ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയെ വിളിച്ചതാണ്. പക്ഷേ, ഘടകകക്ഷി നേതാവാണെന്നും ഒന്നും ചെയ്യാനാവില്ലെന്നും പ്രശ്നത്തിൽ ഇടപെടില്ലെന്നുമായിരുന്നു ശ്രീധരൻ പിള്ള പറഞ്ഞതെന്നും നാസിൽ അബ്ദുള്ള വെളിപ്പെടുത്തി. 

ചോദ്യം: പത്ത് വർഷം മുമ്പ് നൽകിയ ചെക്കിന് നിയമസാധുതയില്ലാത്തതാണ്. ചെക്ക് തട്ടിയെടുത്ത് കാശിന് വേണ്ടി ചെയ്തതായിരിക്കാമെന്ന് സംശയിക്കുന്നു എന്നാണ് തുഷാർ വെള്ളാപ്പള്ളി ആരോപിക്കുന്നത്. എന്താണ് മറുപടി? 

ഉത്തരം: പത്ത് വർഷം മുമ്പത്തെ ചെക്ക് വാലിഡല്ലെങ്കിൽ അത് ബാങ്കിൽ റിട്ടേണാകില്ല. അതിന് റിട്ടേൺ മെമ്മോയും കിട്ടില്ല. ഒരു കാര്യം ശരിയാണ്. പത്ത് വർഷം മുന്നത്തെ ചെക്കിന്‍റെ ഫോർമാറ്റ് ഇപ്പോഴുള്ള പോലത്തെ ചെക്കാകില്ലല്ലോ. പക്ഷേ, ചെക്ക് വാലിഡ് തന്നെയാണ്. ചെക്കിന്‍റെ തീയതിയാണല്ലോ നോക്കുക. അത് ബ്ലാങ്ക് ചെക്കായിരുന്നു, സെക്യൂരിറ്റി ചെക്ക്. അത് ഞാൻ നേരത്തേ പറഞ്ഞതാണല്ലോ. മറ്റൊന്ന് ഇതിലെ ഒപ്പ്. അതിൽ ആശങ്കയുണ്ടെങ്കിൽ അദ്ദേഹം കോടതിയിൽ ബോധിപ്പിക്കട്ടെ, അത് ഫോറൻസികിലേക്ക് വിടും. അത് അദ്ദേഹത്തിന്‍റെ ഒപ്പ് തന്നെയാണ്. വ്യാജ ഒപ്പാണെന്ന ആരോപണം നിഷേധിക്കുകയാണ്. 

ചോദ്യം: ഇത്ര വലിയ തുകയ്ക്ക് സബ് കോൺട്രാക്ട് നൽകിയിട്ടില്ല. കെട്ടി വച്ച ജാമ്യത്തുകയുടെ അത്ര പോലും സബ് കോൺട്രാക്ട് നൽകിയിട്ടില്ല എന്നാണ് തുഷാർ വെള്ളാപ്പള്ളി പറയുന്നത്. 

ഉത്തരം: ഇത്ര വലിയ തുകയ്ക്കല്ല സബ് കോൺട്രാക്ട് എന്നത് ശരിയാണ്. പത്ത് വ‌ർഷമായി അദ്ദേഹം എനിക്ക് തരാനുള്ള തുകയുണ്ട്. അത് കൃത്യമായ സമയത്ത് തിരികെ തരാത്തത് മൂലം എനിക്ക് സംഭവിച്ചത് വലിയ നഷ്ടങ്ങളാണ്. അതിന്‍റെ നഷ്ടപരിഹാരം കൂടി ചേർത്താണ് ഈ തുക പറഞ്ഞിരിക്കുന്നത്. ർ

ചോദ്യം: ശരിക്കും എത്ര തുകയാണ് തുഷാർ വെള്ളാപ്പള്ളി തരാനുള്ളത്?

ഉത്തരം: അതിന്‍റെ വിശദമായ കാര്യങ്ങൾ ഇപ്പോ പറയുന്നില്ല. അത് കോടതിയുടെ പരിഗണനയിലാണ്. 

ചോദ്യം: താൻ ഇതുവരെ ജയിലിൽ കിടന്നിട്ടില്ല. പക്ഷേ നാസിൽ അബ്ദുള്ള ജയിലിൽ കിടന്നു എന്നാണ് തുഷാർ വെള്ളാപ്പള്ളി പറയുന്നത്.

ഉത്തരം: ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്. തുഷാർ തരാനുള്ള പണം കിട്ടാത്തതിന്‍റെ പേരിൽ മറ്റ് പലർക്കും ഞാൻ കൊടുക്കാനുള്ള പണം ബൗൺസായി. അങ്ങനെ അത് കേസായി. അവരെല്ലാവരും കൂടി കേസ് കൊടുത്ത് ഞാൻ അകത്ത് പോയി. അതിന്‍റെ പേരിലാണ് ഞാൻ ആറ് മാസം ജയിലിൽ കിടന്നത്. രണ്ട് വർഷത്തോളം കേസുമായി പോകേണ്ടി വന്നു. 

ചോദ്യം: വിളിച്ചുവരുത്തി ട്രാപ്പിൽ പെടുത്തി എന്ന് തുഷാർ പറയുന്നു. നേരത്തേ ഈ കേസ് ഒത്തുതീർക്കാൻ ബന്ധപ്പെട്ടിരുന്നോ?

ഉത്തരം: പത്ത് വർഷമായി ഞാൻ ബന്ധപ്പെടുകയാണ്. തുഷാറിനെ മാത്രമല്ല, വെള്ളാപ്പള്ളി നടേശനെ വിളിച്ചു. എനിക്ക് പറ്റുന്ന രീതിയിലൊക്കെ ബന്ധപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും ഒഴിഞ്ഞുമാറുന്ന മറുപടിയാണ് കിട്ടിയത്.

ചോദ്യം: ഏതെങ്കിലും ഘട്ടത്തിൽ എന്തെങ്കിലും പണം കിട്ടിയിട്ടുണ്ടോ? താങ്കളുടെ അച്ഛൻ വെള്ളാപ്പള്ളിയെ കാണാൻ വീട്ടിൽ പോയിരുന്നല്ലോ.

ഉത്തരം: ഒരു തവണ ഒത്തുതീർപ്പിന് തയ്യാറായി. ആകെ തുകയുടെ പത്ത് ശതമാനം തന്ന് സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞു. നിവൃത്തികേടായിരുന്നു. കിട്ടുന്നത് കിട്ടട്ടെ എന്ന് വിചാരിച്ച് പത്ത് ശതമാനത്തിന് സമ്മതിച്ചു. അതിൽ അഞ്ച് ശതമാനം പണവും അഞ്ച് ശതമാനം ചെക്കും തന്നു. അത് അദ്ദേഹത്തിന്‍റെ ചെക്കല്ല. അവർക്ക് കിട്ടാനുള്ള ചെക്കാണെന്ന് പറഞ്ഞാണ് തന്നത്. ആ ചെക്ക് ഡിസ് ഹോണറായി. ആകെ കിട്ടിയത് അഞ്ച് ശതമാനമാണ്. 

ചോദ്യം: പ്രധാനപ്പെട്ട ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളെ ബന്ധപ്പെട്ടിരുന്നോ?

ഉത്തരം: ഞാൻ പി എസ് ശ്രീധരൻ പിള്ളയെ വിളിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വിളിച്ചത്. അദ്ദേഹത്തിന്‍റെ നിസ്സഹായാവസ്ഥയാണ് പറഞ്ഞത്. ക്ഷേ, ഘടകകക്ഷി നേതാവാണെന്നും ഒന്നും ചെയ്യാനാവില്ലെന്നും പ്രശ്നത്തിൽ ഇടപെടില്ലെന്നുമായിരുന്നു ശ്രീധരൻ പിള്ള പറഞ്ഞത്. അത് പറഞ്ഞപ്പോൾ പിന്നെ നമുക്കൊന്നും പറയാനില്ലല്ലോ. 

ചോദ്യം: നിയമപരമായി മുന്നോട്ടുപോകും, പക്ഷേ ചർച്ചയ്ക്ക് തയ്യാറാണെന്നും തുഷാർ പറയുന്നുണ്ട്. നാസിൽ തയ്യാറാണോ ചർച്ചയ്ക്ക്?

ഉത്തരം: തീർച്ചയായും തയ്യാറാണ്. അമിക്കബിൾ സെറ്റിൽമെന്‍റാണല്ലോ എപ്പോഴും നല്ലത്. 

ചോദ്യം: താങ്കളുടെ അറിവിൽ തുഷാർ ആർക്കെങ്കിലും കാശ് കൊടുക്കാനുണ്ടോ? 

ഉത്തരം: എന്‍റെ അറിവിലുണ്ട്. ഏതാണ്ട് പത്ത് കമ്പനികൾക്കെങ്കിലും കൊടുക്കാനുണ്ട്. കൺസ്ട്രക്ഷൻ കമ്പനികളാണ് മിക്കതും. അഞ്ച് കമ്പനികൾ നേരിട്ടറിയാം. ചെറുതും വലുതുമായിട്ടുള്ള കമ്പനികളാണ്.

ചോദ്യം: ഇത്ര കാലമായിട്ട് എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ല? 

ഉത്തരം: ഇത്തരമൊരു വാർത്ത പുറത്ത് വന്നപ്പോഴുണ്ടായ ആഘാതം കണ്ടല്ലോ. ഇതിലൂടെ കടന്ന് പോകാനുള്ള ധൈര്യം വേണ്ടേ?

ചോദ്യം: സുരക്ഷാ ഭീഷണിയുണ്ടോ? 

ഉത്തരം: ആശങ്കയുണ്ട്. ആശങ്കയുടെ പുറത്താണ് മുഖം വെളിപ്പെടുത്താത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ ഇനി ടെലഗ്രാമിലും ലഭിക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് 
 1 ) ഫോണിൽ ടെലഗ്രാം ആപ് ഇല്ലാത്തവർ ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യുക 
 2  ) ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സബ്ബ്‌സ്‌ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക