പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് കുറിപ്പ്. 

കോഴിക്കോട്: ക്യാമ്പസിൽ മർദനമേൽക്കുന്ന സുഹൃത്തുക്കള്‍ക്കായി നിലയുറപ്പിച്ചതിനും അതിന്‍റെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിനും അലൻ ഷുഹൈബിനോട് നന്ദി പറഞ്ഞ് താഹ ഫസൽ. കൊല്ലപ്പെടാവുന്ന സാഹചര്യത്തിൽ പോരാടി പഠിച്ചതിനും മരിക്കാതെ തിരിച്ചെത്തിയതിനും നന്ദിയെന്നും താഹ കുറിച്ചു. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് കുറിപ്പ്. 

"പ്രിയപ്പെട്ട അലൻ
നന്ദി
മരിക്കാതെ തിരികെ എത്തിയതിന്
കൊല്ലപ്പെടാവുന്ന സാഹചര്യത്തിൽ പോരാടി പഠിച്ചതിന്
ക്യാമ്പസിൽ മർദനമേൽക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി നിലയുറപ്പിച്ചതിന്
അതിന്‍റെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിന്"- എന്നാണ് താഹയുടെ കുറിപ്പ്

കണ്ണൂർ പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥിയായിരുന്ന അലൻ ഷുഹൈബിനെതിരെ എസ്എഫ്ഐ നേതാക്കള്‍‌ റാഗിങ് പരാതി നൽകിയിരുന്നു. എന്നാൽ പരാതി വ്യാജമാണെന്ന് ആന്‍റി റാഗിങ് കമ്മറ്റി റിപ്പോർട്ട് നൽകി. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നതെന്നും സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്. 

പിന്നീട് അമിത അളവിൽ ഉറക്കു ഗുളിക കഴിച്ച് അവശനിലയിൽ അലനെ കണ്ടെത്തിയിരുന്നു. എസ്എഫ്ഐയുടെയും ചില അധ്യാപകരുടെയും കോടതിയുടെയും വേട്ട മാനസികമായി ബാധിച്ചെന്നാണ് അലൻ പറഞ്ഞത്. സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കട്ടെയെന്നും അലൻ പറഞ്ഞു. തന്റെ നിലപാടിലുള്ള ആളുകളുടെ വിശ്വാസത്തെ ഒരു വേള തകർത്തതിൽ കുറ്റബോധമുണ്ടെന്നും ഇനി ഇത് ആവർത്തിക്കില്ലെന്നും അലൻ വിശദീകരിക്കുകയുണ്ടായി.

അലനെതിരെ ക്യാമ്പസിലുണ്ടായ എസ്എഫ്ഐ വേട്ടയും അതിനെ അലൻ അതിജീവിച്ചതും ചൂണ്ടിക്കാട്ടിയാണ് താഹയുടെ കുറിപ്പ്. അന്ന് ആന്‍റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് വന്നില്ലായിരുന്നെങ്കിൽ പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍റെ ജാമ്യം റദ്ദാക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. 

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ 11 പേരാണ് ഇതുവരെ അറസ്റ്റിലായത്. കേസില്‍ ആകെ 18 പ്രതികളാണുള്ളത്. മുഖ്യ പ്രതികള്‍ എസ്എഫ്ഐ നേതാക്കളാണ്. ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ കോളജിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതിനു മുൻപ് ഹോസ്റ്റല്‍ മുറ്റത്ത് സിദ്ധാർത്ഥന്‍ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ക്രൂരമർദനത്തിന് ഇരയായിരുന്നു. മർദനം, ആത്മഹത്യാ പ്രേരണ, റാഗിങ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം