Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയില്‍ ടാപ്പിങ്ങ് തൊഴിലാളിയെ കൊന്ന് ഭീതി പടര്‍ത്തിയ കടുവ ചത്തു

കഴിഞ്ഞമാസം ഏഴിനാണ് തണ്ണിത്തോട് സ്വദേശിയായ യുവാവിനെ കടുവ ആക്രമിച്ച് കൊന്നത്. പീന്നീട് ആറിടങ്ങളിലായി നാട്ടുകാർ കടുവയെ കണ്ടു. നിരവധി വളർത്തുമൃഗങ്ങളെയും ആക്രമിച്ചു കടുവ വകവരുത്തിയിരുന്നു

tiger attacked man in pathanamthitta died
Author
Pathanamthitta, First Published Jun 10, 2020, 7:48 AM IST

പത്തനംതിട്ട: പത്തനംതിട്ടയിൽ ജനവാസമേഖലയിലിറങ്ങി ടാപ്പിങ്ങ് തൊഴിലാളിയെ കൊന്ന കടുവ ചത്തു. ഇന്നലെ വൈകിട്ട് ഏഴരയോടെ മണിയാർ ഇഞ്ചപൊയ്കയിൽ അവശനിലയിൽ കണ്ടെത്തിയ കടുവ ഒൻപത് മണിയോടെയാണ് ചത്തത്. കഴിഞ്ഞമാസം ഏഴിനാണ് തണ്ണിത്തോട് സ്വദേശിയായ യുവാവിനെ കടുവ ആക്രമിച്ച് കൊന്നത്. പീന്നീട് ആറിടങ്ങളിലായി നാട്ടുകാർ കടുവയെ കണ്ടു. നിരവധി വളർത്തുമൃഗങ്ങളെയും ആക്രമിച്ചു കടുവ വകവരുത്തിയിരുന്നു.

വയനാട്ടിൽ നിന്ന് വിദഗ്ധ സംഘത്തെയും കുങ്കി ആനയെയും അടക്കം എത്തിച്ച് വനം വകുപ്പ് പല തവണ ശ്രമം നടത്തിയെങ്കിലും കടുവയെ പിടിക്കാനുള്ള എല്ലാം പരിശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ കടുവയെ കണ്ടാൽ വെടിവച്ച് കൊല്ലാനും തീരുമാനിച്ചിരുന്നു. മെയ് 14ന് ശേഷം കടുവയുടെ സാന്നിധ്യം കാണാത്തതിനെ തുടർന്ന് കടുവ കാട്ടിലേക്ക് മടങ്ങിയെന്ന് നിഗമനത്തിലായിരുന്നു വനം വകുപ്പ്. ഭക്ഷണം കിട്ടാതെയാണ് കടുവ അവശനായതെന്നാണ് പ്രാഥമിക നിഗമനം. മൃഗഡോക്ടറെത്തി പരിശോധിച്ച ശേഷം കടുവയെ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

പത്തനംതിട്ട തണ്ണിത്തോട് ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ കഴിയുന്നില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് വനമന്ത്രി കെ രാജു മുമ്പ് വ്യക്തമാക്കിയിരുന്നു. നേരത്തെ, പത്തനംതിട്ട തണ്ണിത്തോട് പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ കീഴിലുള്ള എസ്റ്റേറ്റിൽ റബ്ബർ വെട്ടാനെത്തിയ യുവാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.

റബ്ബർ വെട്ടാൻ കരാർ ഏറ്റെടുത്തിട്ടുള്ള വിനീഷ് തണ്ണിത്തോട് മേടപ്പാറ സി ഡിവിഷനിൽ ടാപ്പിംഗ് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. കരച്ചിൽ കേട്ട് സമീപത്ത് നിന്ന് മറ്റ് തൊഴിലാളികൾ എത്തിയപ്പോൾ രക്തം വാർന്ന നിലയിൽ വിനീഷിനെ കണ്ടെത്തുകയായിരുന്നു. കഴുത്തിന് പിന്നിലാണ് മുറിവേറ്റത്. തുടർന്ന് നാട്ടുകാർ പ്ലാന്‍റേഷൻ കോർപ്പറേഷൻ അധികൃതരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു.

Follow Us:
Download App:
  • android
  • ios