കടുവാപ്പേടി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് സംരക്ഷണം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂളിൽ പോകാൻ കുട്ടികൾക്ക് പൊലീസ് സംരക്ഷണം ഏ‌‌ർപ്പെടുത്തും

വയനാട്: കടുവ (Tiger) ഭീതിയിൽ വിറങ്ങലിച്ച് വയനാട് കുറുക്കൻമൂല. ജനവാസമേഖലയിൽ ഭീതി പട‌‌ർത്തിയ കടുവയ്ക്കായുള്ള തെരച്ചിലിന് കുങ്കി ആനകളെ (Trained Elephants) എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ പ്രത്യേക പരിശീലനം നേടിയ രണ്ട് കുങ്കി ആനകൾ കുറുക്കന്മൂലയിലേക്ക് തിരിച്ചിട്ടുണ്ട്. ഡ്രോണുകൾ ഉപയോ​ഗിച്ചും കടുവയ്ക്കായി നിരീക്ഷണം നടത്താനാണ് തീരുമാനം. 

YouTube video player

സ്കൂളിൽ പോകാൻ കുട്ടികൾക്ക് സുരക്ഷയൊരുക്കും

കടുവാപ്പേടി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് സംരക്ഷണം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂളിൽ പോകാൻ കുട്ടികൾക്ക് പൊലീസ് സംരക്ഷണം ഏ‌‌ർപ്പെടുത്തും. പാൽ പത്ര വിതരണ സമയത്തും പൊലീസും വനംവകുപ്പും സുരക്ഷയൊരുക്കും. കുറുക്കൻമൂലയിൽ വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്ഇബിക്കും നി‌‌ർദേശം നൽകിയിട്ടുണ്ട്. 

രാത്രി സമയത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ കാട് കയറിക്കടക്കുന്ന സ്ഥലങ്ങൾ വെട്ടിതെളിക്കാൻ റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധനാജ്ഞ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കണമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് സബ് കളക്ടർ ആ‌ർ ശ്രീലക്ഷ്മി അറിയിച്ചു. 

ഭീതിയിൽ കുറുക്കൻമൂല

മനുഷ്യമൃഗ സംഘർഷത്തിൻ്റെ നേർ ചിത്രമാവുകയാണ് കുറുക്കൻമൂല. പകൽ സമയത്ത് ഒളിച്ചിരുന്ന് രാത്രി വേട്ടയ്ക്കിറങ്ങുന്ന കടുവ കാരണം നാട്ടുകാരുടെ ഉറക്കം നഷ്ടമായിരിക്കുകയാണ്. 16 ദിവസത്തിനിടെ 15 വള‌ർത്തു മൃ​ഗങ്ങളെയാണ് പ്രദേശത്ത് കടുവ കൊന്നത്. രണ്ടു കന്നുകാലികൾക്ക് പരിക്കേറ്റു. നിലവിൽ മാനന്തവാടി ന​ഗരസഭയിലെ നാല് ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. 

നോർത്ത് സൗത്ത് വയനാട് ഡിഎഫ്ഒമാരുടെ നേതൃത്വത്തിൽ വനം വകുപ്പും വൻ പോലീസ് സന്നാഹവും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മയക്കുവെടി വെക്കാനുള്ള പ്രത്യേക സംഘവും സ്ഥലത്തുണ്ട്. 5 കൂടുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്.