ദില്ലി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി തിരുത്താന്‍ വിസമ്മതിച്ച് ജഡ്ജി. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന കേസിലെ പ്രതി മുകേഷ് സിംഗിന്‍റെ അപേക്ഷ പരിഗണിക്കവെയാണ് ദില്ലി പട്യാല കോടതി ഇക്കാര്യം അറിയിച്ചത്. 

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കാമെന്ന് കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ  വ്യക്തമാക്കി. നേരത്തെ ദില്ലി കോടതി തന്നെ പുറപ്പെടുവിച്ച മരണ വാറണ്ട് പ്രകാരം ജനുവരി 22-ന് രാവിലെ ഏഴ് മണിക്ക് പ്രതികളെ തൂക്കിക്കൊല്ലാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രതി വീണ്ടും ദയാഹര്‍ജി നല്‍കുകയും അവയെല്ലാം കോടതിയില്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വധശിക്ഷ ഇപ്പോള്‍ നടപ്പാക്കാനാവില്ലെന്നും വാറണ്ട് താല്‍കാലികമായി സ്റ്റേ ചെയ്യുന്നുവെന്നും  കോടതി അറിയിച്ചു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി പുതിയ തീയതി കണ്ടെത്തി ഉത്തരവിറക്കണമെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു. 

മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിംഗ് ദില്ലി കോടതിയെ സമീപിച്ചത്. മുകേഷ് സിംഗിന്റെ ദയാഹർജിയിൽ ഇതുവരെ തീരുമാനമായില്ലെന്ന് അമികസ്ക്യൂറി വൃന്ദ ഗ്രോവർ കോടതിയെ അറിയിച്ചു. പ്രതികള്‍ വീണ്ടും ദയാഹര്‍ജി നല്‍കുകയും അത് കോടതി പരിഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. 

അതേസമയം നിശ്ചിത സമയത്തിനകം ഹർജി നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടിയല്ല സുപ്രീംകോടതി മുകേഷ് സിംഗിന്റെ തിരുത്തൽ ഹർജി തള്ളിയതെന്നും വിചാരണ കോടതി പുറപ്പെടുവിച്ച മരണവാറണ്ട് വിചാരണകോടതിക്ക് തന്നെ സ്റ്റേ ചെയ്യാൻ വ്യവസ്ഥയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ ഘട്ടത്തില്‍ സ്വന്തം ഉത്തരവ് പുനപരിശോധിക്കാന്‍ തനിക്കാവില്ലെന്ന് കേസ് പരിഗണിച്ച ജഡ്ജി വ്യക്തമാക്കി. 
സ്വന്തം ഉത്തരവ് പുനപരിശോധിക്കാൻ തനിക്കാകില്ലെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു. പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.