കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ മാനുഷിക പരിഗണന കണക്കിലെടുത്താണ് അനുകൂല ശുപാർശ നൽകിയത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ അനുകൂല നിലപാടുമായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൊറട്ടോറിയം കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ മാനുഷിക പരിഗണന കണക്കിലെടുത്താണ് അനുകൂല ശുപാർശ നൽകിയത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം എടുത്ത തീരുമാനമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ കുടുങ്ങിയത്.ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ ആദ്യം തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമായ കാരണം ബോധ്യപ്പെടുത്തിയാൽ പരിഗണിക്കാമെന്ന് പിന്നീട് നിലപാടെടുത്തിരുന്നു.
വ്യക്തമായ കാരണത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ തനിക്ക് കമ്മീഷനോട് ശുപാർശ സമർപ്പിക്കാൻ കഴിയൂ എന്നായിരുന്നു ഇതിന് ടിക്കാറാം മീണയുടെ വിശദീകരണം. ഇതനുസരിച്ച് സര്‍ക്കാര്‍ നൽകിയ വിശദീകരണത്തിലാണ് അനുകൂല ശുപാര്‍ശ സമര്‍പ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനമെടുത്തിട്ടുള്ളത്.
