കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ 'പൊട്ടുതൊടൽ' മത്സരം നടത്തി എസ്എഫ്ഐയുടെ വ്യത്യസ്ത പ്രതിഷേധം. വിസി ആർഎസ്എസിന് അടിമപ്പണിയെടുക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതിന് കുഴലൂതുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു.

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസി ക്ക് പൊട്ടു തൊടൽ മത്സരം നടത്തി വ്യത്യസ്ത പ്രതിഷേധവുമായി എസ്എഫ്ഐ. പ്രതിഷേധം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. സിജെപി പ്രസ്താവനയിൽ മോഹനൻ കുന്നുമ്മൽ നാണംകെട്ടുവെന്നും വിദ്യാർഥികൾ മുഖമടച്ചു കൊടുത്തുവെന്നും സഞ്ജീവ് പറഞ്ഞു. അദ്ദേഹത്തിന് അത് മനസ്സിലായിട്ടുണ്ടോ എന്നറിയില്ല. ആർഎസ്എസിന് അടിമപ്പണിയെടുക്കുന്ന ഒന്നാംതരം സംഘിയായി മോഹനൻ കുന്നുമ്മൽ മാറി. അതിന് കുഴലൂതുന്നവരായി ഉന്നത വിദ്യാഭ്യാസ വകുപ്പും മന്ത്രിയും മാറി. പാന്റും ഷർട്ടും ഇട്ടതു കൊണ്ട് മാത്രം ജെൻസി കളെ ആകർഷിക്കാൻ കഴിയില്ല എന്ന് റോജി എം ജോൺ മനസ്സിലാക്കണം. മന്ത്രിയുടെ മണ്ഡലത്തിലാണ് കാലടി സർവകലാശാല. 24 ദിവസം സമരം നടത്തിയ വിദ്യാർഥികളെ അപരിഷ്കൃതർ എന്നാണ് മന്ത്രി വിളിച്ചത്. പ്രതീകാത്മക നാടകത്തെ വിസിയുടെ ശവസംസ്കാരമാക്കി മാറ്റി.

എസ്എഫ്ഐയുടെ ഭാഗമായി അങ്ങനെയൊരു സമരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംയുക്തമായി വിസിമാരെ ഉപയോഗിച്ച് ഗവർണർ വിദ്യാർത്ഥിഥി പ്രസ്ഥാനങ്ങൾക്കെതിരെ തിരിയുന്നു. ഗവർണറും വിസിമാരും ആർഎസ്എസിന്റെ പിടിയിലാണ് എന്നറിയാത്തവരാണോ കോൺഗ്രസ്. നുണ പറയുന്ന സിസാ തോമസിൻ്റെ കള്ള പരാതിയിൽ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. ഈ ഓണക്കാലത്ത് അവർ നാലുപേർ ജയിലിലാണെന്നും മഫ്തിയിൽ സർവകലാശാലയിൽ പോലീസ് കറങ്ങുന്നുവെന്നും സഞ്ജീവ് ആരോപിച്ചു. എല്ലാ മന്ത്രിമാരും എസ്എഫ്ഐക്കെതിരെ ഓടിവന്നു പ്രതികരിക്കുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ഐഷി ഘോഷിൻ്റെ പരിപാടി നടത്തിയ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കി.

പഠിക്കുന്ന കുട്ടികളെ പുറത്താക്കുകയാണ്. റോജി എം ജോണിന് കുറച്ചെങ്കിലും നാണമുണ്ടെങ്കിൽ വായ തുറക്കണം. ഇല്ലെങ്കിൽ പണി നിർത്തിപ്പോണം. എസ്എഫ്ഐ എന്ത് ചെയ്താലും കുറ്റമാണ്. ഇനിയെന്താണ് എസ്എഫ്ഐക്കാരെയൊക്കെ കൂട്ടി കടലിൽ ചാടണമോയെന്നും സംഘപരിവാറുമായി ഓപ്പൺ ഫൈറ്റ് നടത്താൻ ഇവിടെ എസ്എഫ്ഐ അല്ലാതെ മറ്റാര് ഉള്ളതെന്നും എംഎസ്എഫിന്റെയും കെഎസ്‍യുവിന്റെ പ്രസിഡൻ്റുമാർക്ക് ഭയമാണെന്നും സഞ്ജീവ് പറഞ്ഞു.