തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ വാഹനത്തിൽ ഇടിച്ചത് ടിപ്പർ ലോറിയെന്ന് പൊലീസ്. ലോറിയുടെ മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിഞ്ഞു. തുടർന്ന് ലോറിയുടെ പിൻ ചക്രങ്ങൾ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ലോറി ഇതുവരെ കണ്ടെത്താനായില്ല. അതേസമയം പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും പറഞ്ഞു.

തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിച്ചു. പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച  വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.