Asianet News MalayalamAsianet News Malayalam

ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം കേസ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടു

ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേരാണ് ഇപ്പോള്‍ പ്രതികള്‍

titanium case will be handed over to cbi
Author
Trivandrum, First Published Sep 3, 2019, 3:04 PM IST

തിരുവനന്തപുരം: വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്ന് ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ള യുഡിഎഫ് നേതാക്കൾ ആരോപണം നേരിടുന്ന കേസാണ് സിബിഐക്ക് വിട്ടത്. ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിച്ചതിൽ 256 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഏറെ കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസാണ് സർക്കാർ സിബിഐക്ക് വിടുന്നത്. 

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കുമ്പോഴാണ് ടൈറ്റാനിയത്തിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കാൻ തീരുമാമെടുത്തത്. ഫിൻലാന്‍റ് ആസ്ഥാനമായി കെമൻറോ ഇക്കോ-പ്ലാനിംഗ് എന്ന കമ്പനിയിൽ നിന്നും 256 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാനായിരുന്നു കരാർ. അഴിമതിയിൽ ഉമ്മൻചാണ്ടിക്കും അന്നത്തെ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവായിരുന്നു രാമചന്ദ്രൻമാസ്റ്റർ ആരോപണം ഉന്നയിച്ചതോടെയാണ് കേസ് ഏറെവിവാദമായത്. 

അഴിമതി അന്വേഷിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി ഉദ്യോഗസ്ഥരെയും കരാറുകാരും  ഉള്‍പ്പെടെ ആറുപേരെ പ്രതിയാക്കി 2014ൽ വിജിലൻസ് റിപ്പോർട്ട് നൽകി. 86 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. പ്ലാന്‍റ് സ്ഥാപിക്കാനായി ഇറക്കുമതി ചെയ്ത ഒരു ഉപകരണം പോലും സ്ഥാപിച്ചില്ല. 

ഒന്നാംഘട്ട പണി പൂർത്തിയാകുന്നതിന് മുമ്പേ രണ്ടാംഘട്ട നിർമ്മാണത്തിന് വേണ്ടി പണം കമ്പനിക്ക് കൈമാറിയെന്നും കണ്ടെത്തി. എന്നാൽ വിജിലനസ് റിപ്പോർട്ട് തള്ളിയ കോടതി രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കാൻ ഉത്തരവിട്ടു. വിദേശ കമ്പനി ഉള്‍പ്പെട്ട കേസായതിനാൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് വിജിലൻസ്  സർക്കാരിന് ശുപാർശ കൈമാറിയിരുന്നു. ഈ ശുപാർശ കണക്കിടെലെടുത്താണ് സർക്കരിന്‍റെ ഇപ്പോഴത്തെ തീരുമാനം. അതേസമയം ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.സര്‍ക്കാര്‍ തീരുമാനം നടക്കട്ടെ, തകരാര്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.


 

Follow Us:
Download App:
  • android
  • ios