ദ്യോഗാര്‍ഥികള്‍ പണം കൈമാറുന്നതിന്‍റെ വീഡിയോയും ചാറ്റും ഫോണ്‍ സംഭാഷണങ്ങളും അടക്കം എല്ലാ തെളിവുകളുമായിട്ടാണ് പൊലീസിനെ സമീപിച്ചത്. എന്നിട്ടും കന്‍റോണ്‍മെന്‍റ് പൊലീസ് നടപടി എടുക്കാതിരുന്നത് ഉന്നതങ്ങളിലെ നിര്‍ദേശത്തിന്‍റെ ഭാഗമായിട്ടാണെന്നാണ് സൂചന
തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ഉദ്യോഗാര്‍ഥികള്‍ പണം നല്‍കിയ ഇടനിലക്കാരി ദിവ്യാ ജ്യോതിയുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് കിട്ടിയത് നിര്‍ണായക തെളിവുകള്‍. പരാതി കിട്ടിയ കന്‍റോണ്‍മെന്‍റ് പൊലീസ് നടപടിയെടുക്കാതെ പൂഴ്ത്തിയ കേസ് ഒടുവില്‍ പൂജപ്പുരയിലേക്ക് മാറ്റിയ ശേഷമാണ് അന്വേഷണം പുരോഗമിച്ചത്.
തിരുവനന്തപുരം പാളയം സ്വദേശിനിയായ ദിവ്യാ ജ്യോതിയുടെ വീട്ടിലെത്തിയാണ് തട്ടിപ്പിന് ഇരയാവരെല്ലാം പണം കൈമാറിയത്. അഞ്ച് ലക്ഷം മുതല്‍ 20 ലക്ഷം വരെ ടൈറ്റാനിയത്തിലെ സ്ഥിര ജോലിക്ക് വേണ്ടി കൈമാറിയവരുണ്ട് ഇക്കൂട്ടത്തില്‍. ദിവ്യാജ്യോതിയുടെ ഭര്‍ത്താവ് രാജേഷിനെ കൂടാതെ പ്രേംകുമാറും ശ്യാംലാലും ഇതിന് ഇടനില നിന്നു. ജ്യോതിയുടെ വീട്ടില്‍ നിന്ന് കേസ് അന്വേഷിക്കുന്ന പൂജപ്പുര പൊലീസിന് തട്ടിപ്പിനിരയായവരുടെ പേര് വിവരങ്ങളും അവരുടെ ബയോഡാറ്റയും ഉള്‍പ്പടെയുള്ള നിരവധി തെളിവുകള്‍ കിട്ടി.
ദിവ്യയെ പൂജപ്പുര പൊലീസ് സ്റ്റേഷനിലെത്തിച്ച് രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തു. ശ്യാംലാലിന്‍റെ കാറില്‍ ടൈറ്റാനിയം ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പിയുടെ അമ്പലമുക്കിലെ വീടിനടുത്ത് വെച്ചാണ് തട്ടിപ്പിനിരയായവരെ ഇന്‍റര്‍വ്യൂവിനായി കൊണ്ടുപോയത്. ശശികുമാരന്‍ തമ്പി അടക്കമുള്ള മറ്റ് പ്രതികളെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്തേക്കും. ശ്യാംലാലിന്‍റെ ഭാര്യയും കേസില്‍ പ്രതിയായേക്കും എന്നാണ് കിട്ടുന്ന വിവരം.
ഒക്ടോബര്‍ ആറിന് കേസെടുത്തിട്ടും കന്‍റോണ്‍മെന്‍റ് പൊപോലീസ് നടപടിയെടുക്കാതെ കേസ് പൂഴ്ത്തി. പിന്നീട് പരാതിയുമായി വന്ന അഞ്ചുപേരില്‍ ആരുടേയും പരാതി സ്വീകരിച്ചുമില്ല. ആദ്യ പരാതിക്കാരി നല്‍കിയ ചെക്കും പ്രോമിസറി നോട്ട് അടക്കമുള്ള നിര്‍ണായക തെളിവുകള്‍ പൊലീസ് പൂഴ്ത്തിവെച്ചതായും ആരോപണമുണ്ട്. ഇതടക്കമുള്ള കന്‍റോണ്‍മെന്‍റ് പൊലീസിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പരാതിക്കാരി ഡിസിപിക്ക് പരാതി കൊടുത്തതോടെയാണ് കേസിന് ജീവന്‍ വെച്ചത്. ഡിസിപി ഈ കേസ് പ്രത്യേക ഉത്തരവിറക്കി പൂജപ്പുര പൊലീസിന് കൈമാറിയിരിക്കുകയാണ്. ഉദ്യോഗാര്‍ഥികള്‍ പണം കൈമാറുന്നതിന്‍റെ വീഡിയോയും ചാറ്റും ഫോണ്‍ സംഭാഷണങ്ങളും അടക്കം എല്ലാ തെളിവുകളുമായിട്ടാണ് പൊലീസിനെ സമീപിച്ചത്. എന്നിട്ടും കന്‍റോണ്‍മെന്‍റ് പൊലീസ് നടപടി എടുക്കാതിരുന്നത് ഉന്നതങ്ങളിലെ നിര്‍ദേശത്തിന്‍റെ ഭാഗമായിട്ടാണെന്നാണ് സൂചന.
ലക്ഷങ്ങളുടെ തട്ടിപ്പ് എല്ലാ തെളിവുകള്‍ സഹിതം പരാതിപ്പെട്ടിട്ടും കന്‍റോണ്‍മെന്‍റ് പൊലീസ് മെല്ലെപോകാന്‍ കാരണം എന്തായിരിക്കും.? പുറത്തുവരാനുള്ളത് ഒരുപാട് ചോദ്യങ്ങളുടെ മറുപടിയാണ്.
