തിരുവനന്തപുരം: പരാജയപ്പെട്ട നേതൃത്വത്തിന്‍റെ പരാക്രമമാണ്  കാണുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ്. മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിനോട് പ്രതികരിക്കുകയായിരുന്നു ടിജെഎസ് ജോര്‍ജ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് എത്ര വേഗമാണ് ജനപ്രീതി ഇല്ലാതായതെന്നും  മോദിയുടെയും അമിത് ഷായുടെയും ധാര്‍ഷ്‍ഠ്യമാണ് കാരണമെന്നും ടിജെഎസ് ജോര്‍ജ് പറഞ്ഞു. ജയിക്കാന്‍ പോകുന്നില്ലെന്ന സത്യം അവര്‍ മനസിലാക്കണം. ജനങ്ങളുടെ പ്രതികരണം കണ്ട് മനസിലാക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല, അത്രക്ക് ജനപ്രീതിയില്ലാത്ത സര്‍ക്കാരായി മാറിയെന്നും ടിജെഎസ് ജോര്‍ജ് കുറ്റപ്പെടുത്തി. 

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഇന്നലെ മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിയത്. പൊലീസ് എത്തി മാധ്യമപ്രവര്‍ത്തകരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. അതേസമയം മംഗളൂരു സംഘര്‍ഷത്തിന് പിന്നില്‍ കേരളത്തിൽ നിന്നുള്ളവരെന്നായിരുന്നു  കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മൈ പറഞ്ഞത്.

"