പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ടിഎൻ പ്രതാപന് പാര്‍ട്ടി പുതിയ ചുമതല ഏൽപ്പിച്ചതെന്ന് കെ മുരളീധരനും പ്രതികരിച്ചു

തിരുവനന്തപുരം: തൃശ്ശൂര്‍ എംപി ടിഎൻ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വം കെ മുരളീധരനായി വിട്ടൊഴിഞ്ഞതിന് പിന്നാലെയാണ് പുതിയ നിയമനം. എന്നാൽ പുതിയ പാര്‍ട്ടി ചുമതലയ്ക്ക് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധമില്ലെന്ന് പ്രതാപൻ പ്രതികരിച്ചു. പാർട്ടി എന്ത് ജോലി ഏൽപ്പിച്ചാലും ചെയ്യുന്ന വിനീത വിധേയനാണ് താൻ. പുതിയ ചുമതലയോടു നീതി പുലർത്തും. ഒന്നാമത്തെ ചുമതല കെ.മുരളീധരന്റെ വിജയമാണ്. രണ്ടാമത്തെ ചുമതല കേരളത്തിലെ പാർട്ടിയുടെ വളർച്ച. സ്ഥാനാർഥിത്വം മാറിയപ്പോൾ തന്നെ ഇപ്പോൾ പുകഴ്ത്തി കൊല്ലുകയാണ്. എന്തൊരു സിംപതിയാണ് രാഷ്ട്രീയ എതിരാളികൾക്കെന്നും അദ്ദേഹം പരിഹസിച്ചു. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ടിഎൻ പ്രതാപന് പാര്‍ട്ടി പുതിയ ചുമതല ഏൽപ്പിച്ചതെന്ന് കെ മുരളീധരനും പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്