തൃശ്ശൂര്‍: ഒരു വേദിയിൽ വിശിഷ്ടാതിഥിക്ക് പതിനായിരത്തിലധികം പുസ്തകം സമ്മാനിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അധ്യാപകർ ടി.എൻ.പ്രതാപൻ എംപിക്ക് പുസ്തകങ്ങൾ സമ്മാനിച്ചത്.

എംപിയായ മുതൽ ടി എൻ പ്രതാപൻ പൊതുപരിപാടികളിൽ പൂച്ചെണ്ടോ ഷാളോ സ്വീകരിക്കുന്നില്ല. പകരം ഒരു പുസ്തകമാണ് എംപിക്കിഷ്ടം. ഇത് തിരിച്ചറിഞ്ഞാണ് സംഘടനയുടെ സംസഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെല്ലാം ഒരു പുസ്തകം കയ്യിൽ കരുതിയത്. ഇതു വരെ കിട്ടിയ പതിനായിരത്തോളം പുസ്തകങ്ങൾ വിവിധ ലൈബ്രറികള്‍ക്ക് എംപി  കൈമാറിക്കഴിഞ്ഞു. വിയ്യൂരിലെ അതി സുരക്ഷാ ജയിലിൽ ഒരു ലൈബ്രറിയും സ്ഥാപിച്ചു. ഇത്രയധികം പുസ്തകങ്ങൾ കൈമാറിയതോടെ യുണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ പുരസ്ക്കാരവും ഇവരെ തേടിയെത്തി.