Asianet News MalayalamAsianet News Malayalam

ദുരന്തമുഖത്ത് നീണ്ട ആ കൈകൾ: ടിഎൻജി പുരസ്കാരം കരിപ്പൂരിലെ രക്ഷാ പ്രവർത്തകർക്ക്

കഴിഞ്ഞ ആഗസ്റ്റിൽ കേരളം കണ്ട വലിയ ദുരന്തമായിരുന്നു കരിപ്പൂരിലെ വിമാന അപകടം. ആ ദുരന്തത്തിൽ പെട്ട ഭൂരിഭാഗം യാത്രക്കാർക്കും ആയുസ്സ് നീട്ടിക്കിട്ടിയത് പ്രദേശവാസികളുടെ  തിടുക്കത്തിലുള്ള രക്ഷാപ്രവർത്തനം കാരണമാണ്. കേരളം കണ്ട ഏറ്റവും മനുഷ്യത്വമുള്ള രക്ഷാപ്രവർത്തകരായിരുന്നു കരിപ്പൂരിലേത്. 

tng award 2020 to karipur saviors
Author
Thiruvananthapuram, First Published Jan 29, 2021, 7:04 PM IST

കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവർത്തകൻ ടി എൻ ഗോപകുമാറിന്‍റെ പേരിലുള്ള 2020-ലെ ടിഎൻജി പുരസ്കാരം കരിപ്പൂർ വിമാനദുരന്തത്തിൽ മനുഷ്യത്വത്തിന്‍റെ കൈകൾ നീട്ടിയ പ്രദേശവാസികൾക്ക്. കഴിഞ്ഞ ആഗസ്റ്റിൽ കേരളം കണ്ട വലിയ ദുരന്തമായിരുന്നു കരിപ്പൂരിലെ വിമാന അപകടം. ആ ദുരന്തത്തിൽ പെട്ട ഭൂരിഭാഗം യാത്രക്കാർക്കും ആയുസ്സ് നീട്ടിക്കിട്ടിയത് പ്രദേശവാസികളുടെ  തിടുക്കത്തിലുള്ള രക്ഷാപ്രവർത്തനം കാരണമാണ്. കേരളം കണ്ട ഏറ്റവും മനുഷ്യത്വമുള്ള രക്ഷാപ്രവർത്തകരായിരുന്നു കരിപ്പൂരിലേത്. 

മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഐഎഎസ്, മുൻ ഡിജിപി ഹേമചന്ദ്രൻ ഐപിഎസ്, ദില്ലി സെന്‍റ് സ്റ്റീഫൻ കോളേജ് പ്രിൻസിപ്പലായിരുന്ന റവറന്‍റ് ഫാദർ വത്സൻ തമ്പു എന്നിവർ അംഗങ്ങളായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. ടിഎൻജിയുടെ ഓർമദിനമായ നാളെ വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മിസോറം ഗവർണർ പി എസ് ശ്രീധരൻ പിളള പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ, മുൻ മന്ത്രി വിഎം സുധീരൻ എന്നിവർ പങ്കെടുക്കും. ടെലിഗ്രാഫ് എഡിറ്റർ ആർ രാജഗോപാൽ ടിഎൻജി അനുസ്മരണപ്രഭാഷണം നടത്തും.

പരിചിതർ പോലും അകന്നിരുന്ന കൊവിഡ് കാലത്ത് അസാധാരണ തീരുമാനത്തിലൂടെ ഒരു കുടുംബത്തെ, അവരുടെ കുഞ്ഞുങ്ങളെ ചേർത്ത് നിർത്തിയ ഡോ.മേരി അനിത, പത്തനംതിട്ട ജില്ലയെ പ്രതിസന്ധികാലത്ത് മികവോടെ നയിച്ച പി ബി നൂഹ് ഐഎഎസ്, കരിപ്പൂരിൽ വിമാനദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാൻ തടസ്സങ്ങൾ വകവെക്കാതെ മുന്നിട്ടിറങ്ങിയ മനുഷ്യത്വമുളള മുഖങ്ങൾ, കാസർകോടിന് തുണയായി കൊവിഡ് ചികിത്സയ്ക്ക് ആശുപത്രിയൊരുക്കിയ ടാറ്റാ ഗ്രൂപ്പ് എന്നിവരാണ് അവസാന റൗണ്ടിലെത്തിയ നാല് എൻട്രികള്‍. 

Follow Us:
Download App:
  • android
  • ios