തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് സ്രവം പരിശോധിക്കുന്നതിന് നഴ്സുമാർക്കും ലാബ് ടെക്നീഷ്യന്മാർക്കും പരിശീലനം നൽകാൻ തീരുമാനം. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. നിലവിൽ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സ്രവം ശേഖരിക്കുന്നത്. നഴ്സുമാർക്കും ലാബ് ടെക്നീഷ്യന്മാർക്കും ഡോക്ടർമാരായിരിക്കും പരിശീലനം നൽകുക. ആദ്യ 20 സാമ്പിളുകൾ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ എടുക്കും.

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഒരാഴ്ച കൊണ്ട് കൊവിഡ് തീവ്രവ്യാപനമെന്ന് ആരോഗ്യവകുപ്പ് റിപ്പോ‍ർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. അഞ്ച് ശതമാനം മുതൽ പത്ത് ശതമാനം വരെയാണ് ടെസ്റ്റ് പോസീറ്റീവിറ്റി നിരക്ക്. രോഗികളുടെ എണ്ണം കൂടിയതോടെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിറയുന്നുവെന്ന മുന്നറിയിപ്പും  ആരോഗ്യവകുപ്പ് നൽകിയിരുന്നു.

കോവിഡിൽ ആഗസ്റ്റ് നിർണായകമാകുമെന്ന് മുന്നറിയിപ്പ് ശരിവെച്ചാണ് രോഗവ്യാപനം. കാസർകോട് പതിനൊന്ന് ദിവസം കൊണ്ട് കേസുകൾ ഇരട്ടിയാവുകയാണ്. നൂറു പേരെ പരിശോധിക്കുമ്പോൾ പത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. പരമാവധി അഞ്ചിൽ താഴെ നിൽക്കേണ്ട ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കാസർകോടും മലപ്പുറത്തും പത്തിന് മുകളിൽ നിൽക്കുകയാണ്. രണ്ട് ശതമാനത്തിൽ താഴെ നിർത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവിടങ്ങളിൽ പരിധിവിട്ടു.  

കാസർകോട് പത്ത് ലക്ഷം പേരിൽ 596 രോഗികൾ ഉണ്ട്. തിരുവനന്തപുരത്ത് 551. തിരുവനന്തപുരത്തെ ഒൻപത് ലാർജ് ക്ലസ്റ്ററുകളിലും രോഗം കൂടുകയാണ്. 
ചികിത്സാ സൗകര്യങ്ങൾ  പരിമിതമായ വയനാട്ടിലും വലിയ ആശങ്കയുണ്ട്. 79 ശതമാനം പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിറഞ്ഞു. ഒരു കൊവിഡ് കേന്ദ്രം കൂടി തുറക്കേണ്ടി വന്നാൽ നോക്കാൻ സുപ്രധാന തസ്തികകളിൽ ആളില്ലെന്ന ഗുരുതര പ്രതിസന്ധി കെജിഎംഒഎ  നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു.  ജില്ലാ ആശുപത്രി, പ്രധാന താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലടക്കം കാര്യങ്ങൾ നിർവഹിക്കുന്നത് പകരം ചുമതലക്കാർ.  കാസർകോട് 72 ശതമാനവും ആലപ്പുഴ 70 ശതമാനവും കിടക്കകൾ നിറഞ്ഞു.