ഇന്നത്തെ പ്രധാനപ്പെട്ട 10 വാ‍ർത്തകൾ ഒറ്റനോട്ടത്തിലറിയാം... ചുവടെ

1വന്ദേഭാരത് എത്തി, പ്രധാനമന്ത്രിയുടെ വഷുക്കൈനീട്ടമെന്ന് ബിജെപി, അറിയിപ്പ് കിട്ടിയില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

കേരളത്തിന്‍റെ കാത്തിരിപ്പിനൊടുവിൽ വന്ദേഭാരത് എത്തി. കേരളത്തിന്‍റെ ആദ്യ വന്ദേ ഭാരത് ട്രെയിനിന് ആവേശ വരവേൽപ്പാണ് സംസ്ഥാനത്തുടനീളം ലഭിച്ചത്. രാവിലെ 11.45 ന് പാലക്കാട് സ്റ്റേഷനിൽ എത്തിയ ട്രെയിനിലെ ലോക്കോപൈലറ്റിനെയും ജീവനക്കാരെയും മാലയിട്ടും മധുരം നൽകിയും നാട്ടുകാർ വരവേറ്റു. ഈ മാസം 25 ന് പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യുന്ന സെമി ഹൈസ്പീഡ് ട്രെയിനിനായി ട്രാക്ക് പരിശോധനയടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടം എന്ന നിലയിൽ ബി ജെ പി പ്രവർത്തകർ വലിയ ആഘോഷമാണ് എല്ലായിടത്തും നടത്തിയത്. അതേസമയം ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയില്ലെന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞത്.

2തിരുവനന്തപുരം-കണ്ണൂർ 482 കിമി; വന്ദേഭാരതിൽ 2138 രൂപ, 8 മണിക്കൂർ; കെ റെയിൽ ലാഭം അറിയുമോ? താരതമ്യവുമായി ഡിവൈഎഫ്ഐ

വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തുമ്പോൾ സമയത്തിന്‍റെയും ടിക്കറ്റ് ചാർജിന്‍റെയും വേഗതയുടെയും കാര്യത്തിലടക്കം ചർച്ചകൾ എങ്ങും സജീവമാണ്. അതിനിടയിലാണ് ഡി വൈ എഫ് ഐയും വന്ദേഭാരതും കെ റെയിലും തമ്മിലുള്ള താരതമ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വന്ദേഭാരതിനെക്കാൾ എന്തുകൊണ്ടും ലാഭം നി‍ർദ്ദിഷ്ട കെ റെയിൽ പദ്ധതിയാണെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രയുടെ ദുരവും സമയവും ചിലവും പങ്കുവച്ചാണ് സനോജ് വന്ദേഭാരതും കെ റെയിലും വിമാനയാത്രയും തമ്മിലുള്ള താരതമ്യം നടത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോ മീറ്റർ സഞ്ചരിക്കാൻ വന്ദേഭാരതിൽ 2138 രൂപയും എട്ട് മണിക്കൂറും വേണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. കെ റെയിലിലാകട്ടെ ഇതിന് 3 മണിക്കൂറും 1325 രൂപയും മാത്രമാകും വേണ്ടിവരികയെന്നും സനോജ് ചൂണ്ടികാട്ടി. കണ്ണൂർ തിരുവനനന്തപുരം വിമാന യാത്ര തുക 2897 രൂപയും ഒരു മണിക്കൂർ സമയവുമാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു.

3കര്‍ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവും, കേവല ഭൂരിപക്ഷമില്ലെന്ന് പ്രവചനം

കര്‍ണാടകയില്‍ ഭരണകക്ഷിയായ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും കേവല ഭൂരിപക്ഷമെത്തില്ലെന്ന് പ്രവചനം. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയ ആദ്യ റൗണ്ട് സര്‍വ്വേയിലാണ് അധികാര വടം വലിക്ക് കര്‍ണാടക സാക്ഷിയാവുമെന്ന സൂചനകള്‍ നല്‍കുന്നത്. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 11 വരെയാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടന്നത്. കര്‍ണാടകയില്‍ അങ്ങോളമിങ്ങോളമായി 20000 സാംപിളുകളാണ് സര്‍വ്വേയ്ക്കായി ശേഖരിച്ചത്. സര്‍വ്വേ നടക്കുന്ന കാലത്ത് പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിരുന്നില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ രണ്ടാം ഘട്ടം നടക്കും. ഇതിന് മുന്‍പ് 36 ഓളം തിരഞ്ഞെടുപ്പ് പ്രവചനമാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയിട്ടുള്ളത്.

4ദില്ലി മദ്യനയക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെജ്‍രിവാളിന് സിബിഐ നോട്ടീസ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നോട്ടീസ് നൽകി സി ബി ഐ. ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യുന്നതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 16ാം തീയതി ഞായറാഴ്ച ഹാജരാകാനാണ് കെജ്‍രിവാളിന് നിർദ്ദേശം. കെജ്‍രിവാളിന് എതിരെ നേരത്തെ മൊഴി ലഭിച്ചിരുന്നു. കെജ്‌രിവാളിന്‍റെ സ്റ്റാഫിനെ മാസങ്ങൾക്ക് മുൻപ് സിബിഐ ചോദ്യം ചെയ്തിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോൺ വഴി കെജ്‌രിവാൾ മദ്യവ്യവസായികളുമായി ചർച്ച നടത്തി എന്നാണ് മൊഴി ലഭിച്ചത്. എക്സൈസ് വകുപ്പടക്കം ഭരിച്ചിരുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി.

5രാഹുൽ​ ​ഗാന്ധി ദില്ലിയിൽ 19 വർഷം താമസിച്ച വീടൊഴിഞ്ഞു

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ദില്ലിയിലെ വീടൊഴിഞ്ഞു. 19 വർഷമായി താമസിക്കുന്ന വീടാണ് ഒഴിഞ്ഞത്. അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെയാണ് രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടവന്നത്. 19 വർഷമായി 12 തുഗ്ലക്ക് ലൈനിലാണ് രാഹുൽ ഗാന്ധി താമസിച്ചിരുന്നത്. ദില്ലി തു​ഗ്ലക് ലൈനിലെ വസതിയിൽ നിന്ന് സാധനങ്ങൾ മാറ്റി.

6'സഹോദരൻ കൈയ്യൊഴിയുന്നു, സ്വത്ത് തട്ടിയെടുക്കാൻ ശ്രമം'; ഷാഫിയുടെ പുതിയ വീഡിയോ പുറത്ത്

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഹമ്മദ് ഷാഫിയുടെ പുതിയ വീഡിയോ പുറത്ത്. സഹോദരൻ നൗഫലിനെതിരെയാണ് പുതിയ വീഡിയോയിൽ ഷാഫിയുടെ ആരോപണം. തന്റെ സ്വത്ത് തട്ടിയെടുക്കാൻ നൗഫൽ ശ്രമിക്കുന്നതായാണ് ഷാഫിയുടെ ആരോപണം. എല്ലാം ചെയ്തത് താനും സഹോദരനും കൂടിയാണ്. എല്ലാത്തിനും മുൻകൈ എടുത്ത സഹോദരൻ ആവശ്യം വന്നപ്പോൾ തന്നെ കയ്യൊഴിയുന്നെന്നും ഷാഫി പറയുന്നു. സഹോദരനെ സൂക്ഷിക്കണമെന്ന് പിതാവും സൂചന നൽകിയിരുന്നെന്നും ഷാഫി വീഡിയോയിൽകഴിഞ്ഞ ദിവസം ഷാഫിയുടെ മറ്റൊരു വീഡിയോ പുറത്തുവന്നിരുന്നു. അതിൽ 325 കിലോ​ഗ്രാം സ്വർണ്ണം തട്ടിയെടുത്തെന്നും അതിന്റെ ഭാ​ഗമായാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും ഷാഫി പറഞ്ഞിരുന്നു.

7ഷാറൂഖ് സെയ്‌ഫിയെ ഷൊർണൂരിൽ എത്തിച്ച് തെളിവെടുപ്പ്, വൻ ജനക്കൂട്ടം

എലത്തൂർ ട്രെയിൻ ആക്രമണ കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ്. സായുധ സേനാംഗങ്ങളുടെ കൂടി സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തിയത്. ആദ്യം പ്രതി ആക്രമണത്തിനായി പെട്രോൾ വാങ്ങിയ പെട്രോൾ പമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരിൽ നിന്നടക്കം പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചും പൊലീസ് വിവരങ്ങൾ തേടി. പ്രതിയെ കാണാൻ വലിയ ജനക്കൂട്ടമാണ് ഇവിടെ തമ്പടിച്ചത്. പിന്നീട് ഇവിടെ നിന്ന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയി. ഇവിടെ അടുത്തുള്ള കടകളിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. ഇവിടെയും വൻ ജനക്കൂട്ടം തമ്പടിച്ചിരുന്നു. പൊലീസ് കനത്ത സുരക്ഷാ വലയത്തിലായിരുന്നു തെളിവെടുപ്പ്.

8 ലൈഫ് മിഷൻ കേസ്; ശിവശങ്കറിനെതിരായ അന്തിമറിപ്പോർട്ട് എൻഫോഴ്സ്മെന്റ് സമർപ്പിച്ചു

ലൈഫ് മിഷൻ കേസിൽ ശിവശങ്കറിനെതിരായ അന്തിമറിപ്പോർട്ട് എൻഫോഴ്സ്മെന്റ് സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. കേസിൽ അറസ്റ്റിലായി നിലവിൽ റിമാൻഡിലാണ് ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിന്റെ മുഖ്യ ആസൂത്രകൻ ശിവശങ്കറെന്നാണ് ഇഡിയുടെ ആരോപണം. ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15 നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്.

9'ക്രൈസ്തവരുടെ ആശങ്ക പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടും'; കെ സി വേണുഗോപാല്‍

ക്രൈസ്തവ വിഭാഗത്തിന്റെ ആശങ്ക പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഷയത്തില്‍ സംസ്ഥാന നേതാക്കൾ ഇടപെടൽ നടത്തുമെന്ന് വേണുഗോപാല്‍ അറിയിച്ചു. ബിജെപിയുടെ ശ്രമം വോട്ട് തട്ടാൻ മാത്രമാണ്. ക്രൈസ്തവ നേതാക്കളുടെ നിവേദം വാങ്ങാൻ പോലും മന്ത്രിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ക്രൈസ്തവരുടെ മനസ്സിൽ ഉണ്ടാക്കിയ മുറിവ് ഉണക്കാൻ ബിജെപി നേതാക്കളുടെ ഭവന സന്ദർശനത്തിന് കഴിയില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാവരുമായി നല്ല ബന്ധമാണ് കോൺഗ്രസിനുള്ളത്. പിതാക്കൻമാരെ വെല്ലുവിളിക്കുന്ന, ആക്ഷേപിക്കുന്ന രീതി കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഐക്യത്തിന്‍റെ കാര്യത്തില്‍ യോജിക്കാൻ കഴിയുന്ന എല്ലാവരെയും ഒന്നിപ്പിക്കുമെന്ന് വ്യക്തമാക്കിയ കെ സി വേണുഗോപാല്‍, വന്ദേ ഭാരത് വിഷയത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ചു. എല്ലാം ഉദ്ഘാടനം ചെയ്യുന്നത് മോദിയാണ്. റെയിൽവെ മന്ത്രിക്ക് പോലും അവസരമില്ലെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.

10കർണാടകയിൽ ബിജെപി വിട്ട ലക്ഷ്‌മൺ സാവഡി കോൺഗ്രസിൽ; അതാനി സീറ്റിൽ സ്ഥാനാർത്ഥിയാകും

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി കോൺഗ്രസിലെത്തി. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ലക്ഷ്മൺ സാവഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധരാമയ്യയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. താൻ മുൻപ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ലക്ഷ്മൺ സാവഡി ബിജെപി അംഗത്വം രാജി വെക്കാൻ കാരണം. ഇക്കുറി ഇതേ അതാനി സീറ്റിലാണ് അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്.

YouTube video player