എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു, നിർമാതാക്കൾ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നതെന്ന് സുരേഷ് കുമാർ, അരിക്കൊമ്പനെ പിടികൂടണമെന്ന ഹർജി വീണ്ടും തള്ളി സുപ്രീംകോടതി- ഇന്നത്തെ പ്രധാന 10 വാർത്തകളറിയാം.

1. കേരളീയ വേഷത്തിൽ നരേന്ദ്ര മോദി; ആവേശമായി കൊച്ചിയിലെ റോഡ് ഷോ, 'യുവം' വേദിയിൽ

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് കേരളീയ വേഷം ധരിച്ചാണ്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടുമണിഞ്ഞെത്തിയ മോദിയെ ആയിരങ്ങള്‍ മഞ്ഞപ്പൂക്കള്‍ വിതറി ആരവങ്ങളോടെ വരവേറ്റു. കൊച്ചിയിലെത്തയ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാണ് റോഡ് ഷോ. റോഡിലൂടെ നടന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ജനസാഗരമാണ് റോഡ് ഷോയില്‍ പങ്കെടുക്കാനായി എത്തിയത്.

2. 'മോദി ഗോ ബാക്ക്', യുവം വേദിക്ക് മുന്നിൽ അപ്രതീക്ഷിത പ്രതിഷേധം; ബിജെപി പ്രവർത്തകർ തള്ളിമാറ്റി, പൊലീസ് പിടികൂടി

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലെ ആദ്യ പരിപാടിയായ യുവം 2023 വേദിക്ക് മുന്നിൽ അപ്രതീക്ഷിത പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് യുവം പരിപാടി വേദിയായ തേവര എസ് എച്ച് കോളേജ് പരിസരത്ത് മോദി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചെത്തിയത്. യുവം പരിപാടിയിലേക്കുള്ള പ്രവേശന കാവടത്തിലായിരുന്ന സംഭവം. ഇത് സ്ഥലത്ത് ചെറിയ തോതിൽ സംഘ‍ർഷാവസ്ഥക്ക് വഴിവച്ചു. മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അനീഷ് പി എച്ചിനെ തള്ളി നീക്കാൻ ബി ജെ പി പ്രവർത്തകർ ശ്രമിച്ചതോടെയാണ് നേരിയ പ്രശ്നം ഉണ്ടായത്.

3. 'ലാവ്‌ലിന്‍ കേസ് മാറ്റിവച്ചത് ദുരൂഹം,കേരളത്തിന് ദില്ലിയിലുള്ള പിടിപാട് എത്ര ശക്തമാണെന്ന് വ്യക്തം'

ലാവ്‌ലിന്‍ കേസ് 33-ാം തവണ മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി. ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ കാണില്ല. പരമോന്നതനീതിപീഠത്തിലും നീതിന്യായവ്യവസ്ഥയിലും ജനങ്ങള്‍ക്ക് പാടേ വിശ്വാസം നഷ്ടപ്പെടുന്ന ഈ നടപടിയുടെ പിന്നിലുള്ള നാടകങ്ങള്‍ എന്നെങ്കിലും പുറത്തുവരും. പരമോന്നത കോടതിയില്‍ ഇതാണു സംഭവിക്കുന്നതെങ്കില്‍ ജനങ്ങള്‍ നീതിതേടി എവിടെപ്പോകും എന്ന ചോദ്യമാണ് ഉയരുന്നത്. 

4. 'അഴിമതി പുറത്തായപ്പോൾ ഉരുണ്ടുകളിക്കുന്നു'; കെൽട്രോൺ എംഡിയുടെ വാദങ്ങൾ തള്ളി ചെന്നിത്തല

എഐ ക്യാമറ വിവാദത്തിൽ കെൽട്രോൺ എംഡിയുടെ വാദങ്ങൾ തള്ളി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കെൽട്രോൺ സർക്കാർ ഉത്തരവ് ലംഘിച്ചു. കെൽട്രോൺ നേരിട്ട് ടെണ്ടർ വിളിക്കണമെന്നായിരുന്നു തീരുമാനം. അത് ലംഘിച്ചാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്. 151 കോടി ക്വോട്ട് ചെയ്ത കമ്പനിക്ക് അഞ്ച് വർഷത്തെ പരിപാലന ചെലവ് കൂടി അധികം നൽകി. 81 കോടിയുടെ അധിക ലാഭമുണ്ടാക്കാൻ കൂട്ടുനിന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.

5. എഐ ക്യാമറ ഇടപാട്: ഉപകരാർ കിട്ടിയ കമ്പനിക്ക് പ്രായം മൂന്ന് വർഷം മാത്രം, രൂപീകരിച്ചത് 2020 ൽ

സംസ്ഥാന സർക്കാരിന്റെ എ ഐ ക്യാമറ പദ്ധതിയിൽ ദുരൂഹതയേറുന്നു. എസ്ആർഐടി പദ്ധതിയുടെ ഉപകരാർ നൽകിയ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനി രൂപീകരിച്ചത് 2020 ഫെബ്രുവരിയിൽ മാത്രമാണ്. ഈ കമ്പനിക്ക് ഈ രംഗത്ത് കാര്യമായ പരിചയമില്ല. കമ്പനിയുടെ രജിസ്ട്രേഷൻ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബന്ധുക്കളായ രണ്ട് പേരടക്കം നാല് പേരാണ് പ്രസാഡിയോ കമ്പനിയുടെ ഡയറക്ടർമാർ. എ ഐ ക്യാമറ സ്ഥാപിക്കാൻ വലിയ കരാറുകൾ എടുത്ത് ഇവർക്ക് യാതൊരു മുൻ പരിചയവുമില്ല. കരാറിന്റെ ആദ്യ ഘട്ടത്തിൽ കോഴിക്കോട്ടെ അൽഹിന്ദ് ഗ്രൂപ്പും പങ്കെടുത്തു. 

6. മോദി പരാമർശം: രാഹുൽ ഗാന്ധിക്ക് ആശ്വാസം; പാറ്റ്ന കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

മോദി പരാമർശത്തിൽ ബിഹാറിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതിയുടെ ഉത്തരവ് ബിഹാർ ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ കേസ് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പാറ്റ്ന കോടതി ആവശ്യപ്പെട്ടത്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

7. അരിക്കൊമ്പനെ പിടികൂടണമെന്ന ഹർജി; വീണ്ടും തള്ളി സുപ്രീംകോടതി

അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി വീണ്ടും തള്ളി. സ്വകാര്യ വ്യക്തി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നേരത്തെ സംസ്ഥാനത്തിന്‍റെ ഹർജി തള്ളിയതാണെന്ന് കോടതി പറഞ്ഞു. അതേസമയം, അരിക്കൊമ്പനെ പിടിച്ച് മാറ്റേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഓൺലൈനായി യോഗം ചേരുകയാണ്. സ്ഥലം തീരുമാനിച്ചാൽ രഹസ്യമായി സർക്കാരിനെയും ഹൈക്കോടതിയെയും അറിയിക്കാനാണ് സാധ്യത.

8. എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി

എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് സിടി രവികുമാർ പിന്മാറി. അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് ഇന്ന് കേസ് മാറ്റിയത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞു. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. ഇദ്ദേഹം സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു.

9. നിർമാതാക്കൾ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്, വലിയ തുക ചോദിക്കുന്നവർ വീട്ടിലിരിക്കും; സുരേഷ് കുമാർ

സിനിമയിൽ അഭിനയിക്കാൻ കൂടുതൽ പണം ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അഭിനേതാക്കൾ പ്രതിഫലം ചോദിക്കുന്നതെന്നും സുരേഷ് പറഞ്ഞു. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ ആയിരുന്നു നിർമാതാവിന്റെ പ്രതികരണം. 

10.സ്റ്റാലിനുമായി ബന്ധമെന്ന് ആരോപണം; തമിഴ്നാട്ടിൽ റിയൽ എസ്റ്റേറ്റ് കമ്പനിയെ കേന്ദ്രീകരിച്ച് ആദായ നികുതി റെയ്‌ഡ്

തമിഴ്നാട്ടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതി വിഭാഗം പരിശോധന നടത്തി. ചെന്നെയും കോയമ്പത്തൂരുമടക്കം അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചിരുന്നു. എം കെ സ്റ്റാലിന്‍റെ മരുമകൻ ശബരീശന്‍റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.