രണ്ടാം ഇന്നിംഗ്സിൽ ഭൂതകാല നേട്ടങ്ങൾ തന്നെ തിരിഞ്ഞുകൊത്തുന്നു .രണ്ടാം തരംഗത്തിൽ കൈവിട്ട കൊവിഡ് പ്രതിരോധവും ലോക്ഡൗണ്‍ നടപ്പാക്കലുകളിലെ അശാസ്ത്രീയതകളും വെല്ലുവിളി. കൊവിഡ് മരണങ്ങളുടെ റിപ്പോർട്ടിംഗിലും ഉയരുന്ന ടിപിആർ നിരക്കിലും ദേശീയ തലത്തിൽ കേരള മോഡൽ ചോദ്യം ചെയ്യപ്പെടുന്നു.മരംമുറി വിവാദം സർക്കാറിനെ വിടാതെ പിന്തുടരുന്നു. വിവാദ ഉത്തരവാണ് ഒന്നാം പിണറായി സർക്കാറിനെ കുരുക്കിയതെങ്കിൽ പ്രതികളെ രക്ഷിക്കാനുള്ള ഗൂഡാലോചന പുറത്തുവരുന്നതാണ് രണ്ടാം പിണറായി സർക്കാറിനെ വെട്ടിലാക്കുന്നത്
തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിട്ട് ഇന്ന് നൂറാംദിവസം . തുടർഭരണത്തിന്‍റെ ആനുകൂല്യത്തിൽ നവകേരളം എന്ന ലക്ഷ്യത്തിലൂന്നിയുള്ള ചുവട് വെയ്പുകളുമായി മുന്നോട്ട് പോകുമ്പോഴും സർക്കാർ നേരിടുന്നത് കടുത്ത വെല്ലുവിളികൾ. കൊവിഡ് അതിവ്യാപനവും മുട്ടിൽ മരം മുറി വിവാദവും സെഞ്ച്വറി കാലത്ത് സർക്കാരിനെ വട്ടംകറക്കുന്നു.
എട്ട് സീറ്റ് അധികം നേടിയായിരുന്നു രണ്ടാം പിണറായി സർക്കാർ കരുത്ത് കൂട്ടി തുടർഭരണം നേടിയത്. മെയ് 20ന് സെന്‍ട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിൽ അമരത്തിൽ പിണറായി, മന്ത്രി നിരക്ക് പുതുമയുടെ പകിട്ട്.പ്രമുഖരെയും പ്രഗത്ഭരെയും ഒഴിവാക്കിയുളള മന്ത്രിസഭാ രൂപീകരണത്തിൽ ക്യാപ്റ്റന്‍റെ ആത്മവിശ്വാസമായിരുന്നു പുതുനിരയുടെ ആത്മബലം.ആരോഗ്യവകുപ്പിന്‍റെ നേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളുമാണ് ഒന്നാം ഇന്നിംഗ്സിൽ പിണറായി വിജയന് ലീഡ് നൽകിയത്. .എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ഭൂതകാല നേട്ടങ്ങൾ തന്നെ തിരിഞ്ഞുകൊത്തുന്നു .രണ്ടാം തരംഗത്തിൽ കൈവിട്ട കൊവിഡ് പ്രതിരോധവും ലോക്ഡൗണ്‍ നടപ്പാക്കലുകളിലെ അശാസ്ത്രീയതകളും വെല്ലുവിളി. കൊവിഡ് മരണങ്ങളുടെ റിപ്പോർട്ടിംഗിലും ഉയരുന്ന ടിപിആർ നിരക്കിലും ദേശീയ തലത്തിൽ കേരള മോഡൽ ചോദ്യം ചെയ്യപ്പെടുന്നു.
മരംമുറി വിവാദം സർക്കാറിനെ വിടാതെ പിന്തുടരുന്നു. വിവാദ ഉത്തരവാണ് ഒന്നാം പിണറായി സർക്കാറിനെ കുരുക്കിയതെങ്കിൽ പ്രതികളെ രക്ഷിക്കാനുള്ള ഗൂഡാലോചന പുറത്തുവരുന്നതാണ് രണ്ടാം പിണറായി സർക്കാറിനെ വെട്ടിലാക്കുന്നത്. കടുത്ത സാമ്പത്തിക ബാധ്യതക്കിടയിലെ ആദ്യ ബജറ്റ് ഒരുവിധം കടന്നുകൂടിയെങ്കിലും വരുമാന പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് കേരളം. ട്രഷറി പൂട്ടാതെ കാക്കുന്നത് കേന്ദ്രത്തിൽ നിന്നും പാടുപെട്ട് നേടിയെടുത്ത ജിഎസ്ടി വിഹിതവും വായ്പയെടുക്കലും.ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ഉയർത്തിക്കാട്ടിയ കിഫ്ബി തുടർഭരണത്തിൽ ഇഴയുന്നു.അഭിമാന പദ്ധതിക്കെതിരെ സ് ഭരണകക്ഷി എംഎൽഎമാർ വരെ രംഗത്തെത്തിയതും നാണക്കേടായി. കൈയ്യിൽ പണമില്ലെങ്കിലും സർക്കാരിന് മുന്നിൽ വലിയ ലക്ഷ്യങ്ങൾ.കേരളത്തിന്‍റെ നാനാ തലങ്ങളെയും സ്പർശിക്കുന്ന നവകേരളം എന്ന വികസന ബദലിന്‍റെ രൂപ രേഖയിലാണ് സിപിഎം.
മാറിയ പ്രതിപക്ഷ നേതൃത്വത്തിന്‍റെ ശക്തമായ ഇടപെടലുകൾക്കും ഇ കാലയളവിൽ കേരള രാഷ്ട്രീയം സാക്ഷിയായി.നിയമസഭാ കയ്യാങ്കളി കേസിലെ തിരിച്ചടിയും ശശീന്ദ്രനെ വെട്ടിലാക്കിയ ഫോണ്‍വിളിയും,ഐഎൻഎല്ലിലെ തമ്മിൽ തല്ലും നൂറാം ദിനത്തിൽ കണക്കെടുപ്പിൽ നിറംമങ്ങിയ ഏടുകൾ.പുതിയ സർക്കാരിന്‍റെ ആദ്യ നൂറ് ദിന കർമ്മപരിപാടികൾ അവസാനിക്കുന്ന സെപ്റ്റംബർ 19ന് പ്രോഗ്രസ് കാർഡ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രിക്ക് ആദ്യ ലക്ഷ്യങ്ങളിലേക്ക് ഇനിയും ദൂരമേറെ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
