എലത്തൂർ തീ വെയ്പ്പ് കേസ് ഏറ്റെടുത്ത് എൻഐഎ, പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ പ്രതികരിച്ച് സീതാറാം യെച്ചൂരി, താരങ്ങള്‍ക്കെതിരെ ഫെഫ്ഫ്ക, കെഎസ്‍യുവിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പു പോര്- ഇന്നത്തെ പ്രധാന 10 വാർത്തകള്‍ അറിയാം.
1. വന്ദേഭാരത് ഷെഡ്യൂൾ പുറത്ത്, ടിക്കറ്റ് 1400 രൂപ; ഫ്ലാഗ് ഓഫ് 25 ന് രാവിലെ പ്രധാനമന്ത്രി, ഉച്ചക്ക് കണ്ണൂരെത്തും
വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. തിരുവന്തപുരം മുതൽ കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.
2. 'കോട്ടയത്ത് 80 ഓളം പേർ ബിജെപിയിൽ ചേർന്നു, പാർട്ടിയിൽ ചേർക്കേണ്ടവരുടെ ലിസ്റ്റ് തയ്യാർ'; കെ സുരേന്ദ്രൻ
ബിജെപിക്ക് ഇപ്പോള്‍ മതന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപകമായ സ്വീകാര്യത ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയില്‍ അംഗത്വം സ്വീകരിച്ചവർക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട പ്രമുഖ കുടുംബങ്ങളിൽ നിന്നും 80 ഓളം പേർ ബിജെപിയിൽ ചേർന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനുശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്ക് ഉണ്ടാകുമെന്നും ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകൾ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
3. 'അഭ്യൂഹങ്ങളെല്ലാം നുണ, എൻസിപിയിൽ തുടരും'; അജിത് പവാർ
താൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളെല്ലാം നുണയെന്ന് അജിത് പവാർ. എൻസിപിയിൽ തന്നെ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ അഭ്യൂഹങ്ങളൊന്നും തന്നെ ശരിയല്ല. താൻ എപ്പോഴും എൻസിപിക്കൊപ്പം തന്നെയാണ്. പാർട്ടി പറയുന്നത് മാത്രമേ താൻ ചെയ്യൂ. അതല്ലാതെ ഏതെങ്കിലും തരത്തിൽ തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അജിത് പവാർ പറയുന്നു. അഭ്യൂഹങ്ങളൊക്കെ പൂർണ്ണമായും തള്ളിക്കളയുകയാണ് ഇദ്ദേഹം. അതേ സമയം മറ്റ് സ്ഥലങ്ങളിലെ പരിപാടികളൊക്കെ റദ്ദാക്കി അജിത് പവാർ മുംബൈയിൽ തുടരുകയാണ്.
4. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു; ഷാറൂഖ് സെയ്ഫി വീണ്ടും റിമാന്റിൽ
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എൻഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എൻ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി.
5. താരങ്ങള്‍ക്ക് എതിരെ ഫെഫ്‍ക, ചിലര്‍ പ്രശ്‍നങ്ങളുണ്ടാക്കുന്നുവെന്ന് ബി ഉണ്ണികൃഷ്‍ണൻ
ചില നടീ നടൻമാര്‍ പ്രശ്‍നമുണ്ടാക്കുന്നുവെന്ന് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ. ഒരേ സമയം സിനിമകൾക്ക് ചിലര്‍ ഡേറ്റ് നൽകുന്നു. ചിലർ പറയുന്നു സിനിമയുടെ എഡിറ്റ് അപ്പോൾ അപ്പോൾ കാണിക്കണം. അവരെ മാത്രം അല്ല അവർക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണം എന്ന് ആവശ്യപ്പെടുന്നതായും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി. താരങ്ങള്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങള്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് തങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു.
6. പുൽവാമ വെളിപ്പെടുത്തൽ ഗൗരവതരം, അന്വേഷണം വേണം; ജാതി സെൻസസ് നടത്തണമെന്നും യെച്ചൂരി
പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ കശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്ന് പ്രസ്താവനയിൽ വ്യക്തമാണ്. മോദി സർക്കാർ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ദേശസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപെടാതിരിക്കാൻ നടപടി വേണമെന്നും പറഞ്ഞു.
7. ഗവർണർക്കെതിരായ പോരാട്ടത്തിൽ യോജിച്ച് കേരളവും തമിഴ്നാടും; എല്ലാവിധ പിന്തുണയുമെന്ന് സ്റ്റാലിനോട് പിണറായി
വർണർക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പ്രവർത്തിക്കാൻ കേരളവും തമിഴ്നാടും തീരുമാനിച്ചു. ഗവർണർക്കെതിരായ നിലപാടിൽ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള സർക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടി കത്തിലാണ് എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടിനെ അറിയിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും സർക്കാരും ഗവർണറും നിലവിൽ രണ്ട് തട്ടിലാണ്. ഫെഡറൽ സംവിധാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റം ഗവർണർമാർ നടത്തുന്നതായി കേരള,തമിഴ്നാട് മുഖ്യമന്ത്രിമാർ അഭിപ്രായപ്പെടുന്നു.
8. ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ്: സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്സ് അനുമതി ലഭിച്ച വാർത്ത പങ്കുവച്ച് പ്രധാനമന്ത്രി. വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പറഞ്ഞു. ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാൻ ഒരുങ്ങുന്നത്.
9. പാലിന് വില കൂട്ടി മിൽമ; വില കൂടുക, പച്ച മഞ്ഞ കവറിലുള്ള പാലിന്
നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണ്.
10. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിൽ പോര് ശക്തം; പ്രസിഡന്റിനോട് നിസഹകരണം; വിട്ടുനിന്ന് ഗ്രൂപ്പ് നേതാക്കൾ
കെഎസ്‍യുവിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പു പോര് ശക്തമായി. സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറുമായി സഹകരിക്കേണ്ടെന്ന് ഗ്രൂപ്പ് നേതാക്കള്‍ നിർദ്ദേശം നല്‍കിയതോടെ രമേശ് ചെന്നിത്തല, കെ സുധാകരന്‍ പക്ഷങ്ങള്‍ ആദ്യ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. പ്രതിഷേധ മാര്‍ച്ച് പൊളിക്കാന്‍ ഇരുഗ്രൂപ്പുകളും ശ്രമിച്ചപ്പോള്‍ കൂടുതല്‍ ആളെക്കൂട്ടി മറുപക്ഷം കരുത്തുകാട്ടി. കെഎസ്‍യു ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ അര്‍ഹമായ ഗ്രൂപ്പ് പ്രാതിനിധ്യം കിട്ടിയില്ലെന്ന് പരാതിയുള്ളവരാണ് നിസഹകരണം തുടങ്ങിയത്.
