Asianet News MalayalamAsianet News Malayalam

ബഫർസോണിൽ ആശ്വാസവുമായി കേന്ദ്രം, കടുവയുടെ ആക്രമണം, പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ച- ഇന്നത്തെ പ്രധാന വാർത്തകൾ

റോഡ് ഷോയിൽ വാഹനത്തിൽ നിന്ന് ആൾക്കൂട്ടത്തെ നോക്കി കൈവീശി നീങ്ങുകയായിരുന്ന പ്രധാനമന്ത്രിക്ക് അരികിലേക്ക് ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറി കടന്ന് എത്തുകയായിരുന്നു.

Today top 10 news in Kerala
Author
First Published Jan 12, 2023, 7:24 PM IST

ഒടുവില്‍ പിടിവീണു, പ്രവീണ്‍ റാണ അറസ്റ്റില്‍

സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽനിന്നാണ് പിടിയിലായത്. സന്ന്യാസി വേഷത്തിൽ ക്വാറിയിലെ ഒരു വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. ധൂർത്ത് തന്നെ ദരിദ്രനാക്കിയെന്ന് സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണ പറഞ്ഞു. വ്യാപാര പങ്കാളിക്ക് കടം നൽകിയ 16 കോടിയും അരയേക്കർ സ്ഥലവും മാത്രമേ ഇനിയൂള്ളൂവെന്നും റാണ ചോദ്യം ചെയ്യലിൽ പറഞ്ഞു. അതേ സമയം റാണ സുഹൃത്തുക്കൾ വഴി നടത്തിയ ബിനാമി നിക്ഷേപങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. ഉച്ചയോടെ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വഞ്ചന, ബഡ്സ് ആക്ട് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

വയനാട് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലിരിക്കെയാണ് മരണം. സംഭവത്തെ തുടർന്ന് പുതുശ്ശേരി വെള്ളാരം കുന്നിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. 

ബഫര്‍സോണില്‍ ആശ്വാസം

ബഫർസോൺ വിഷയത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. ബഫർസോണിൽ നിന്ന് ആരെയും കുടിയിറക്കില്ലെന്ന് കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കൃഷിയും വിലക്കില്ല. പാറഖനനം ഉൾപ്പെടെയുള്ളവയ്ക്ക് മാത്രമാണ് നിരോധനമെന്നും കെ. മുരളിധരൻ എംപിക്ക് നൽകിയ കത്തിൽ വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കാലി വളർത്തൽ, മത്സ്യ കൃഷി  എന്നിവക്ക് നിരോധനമില്ല. ജനജീവിതത്തയോ തൊഴിലിനെയോ ബാധിക്കില്ല. ഖനനം, ക്വാറി, ക്രഷർ യൂണിറ്റ് , വൻകിടനിർമ്മാണ പ്രവർത്തനങ്ങൾക്ക് എന്നിവക്ക് മാത്രമായിരിക്കും നിരോധനം. ബഫർസോണുമായി ബന്ധപ്പെട്ട് കേരളത്തിലെ മലയോരമേഖലകളിൽ അടക്കം വലിയ ആശങ്ക നിലനിൽക്കെയാണ് കേന്ദ്രസർക്കാർ ഈക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്.

കൊച്ചിയില്‍ സുനാമി ഇറച്ചിവേട്ട, പിടികൂടിയത് 500 കിലോ പഴകിയ ഇറച്ചി

കൊച്ചിയിൽ വൻ സുനാമി ഇറച്ചി വേട്ട. നഗരത്തിലെ ഹോട്ടലുകളിൽ ഷവർമയടക്കം ഉണ്ടാക്കി വിതരണം ചെയ്യാനെത്തിച്ച 500 കിലോ അഴുകിയ കോഴിയിറച്ചിയാണ് കളമശ്ശേരിയിൽ പിടികൂടിയത്. റെയ്ഡിന് തൊട്ട് മുൻപും കേന്ദ്രത്തിൽ നിന്ന് തട്ടുകടകളിലേക്കും ഹോട്ടലുകളിലേക്കും പഴകിയ ഇറച്ചി വിതരണം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇറച്ചി വിൽപ്പന നടത്തിയ മണ്ണാർക്കാട് സ്വദേശി ജുനൈസിന് കളമശ്ശേരി നഗരസഭ നോട്ടീസ് നൽകി. ഫ്രീസറുകൾ തുറന്നപ്പോൾതന്നെ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. വിവിധ ഫ്രീസറുകളിൽ നിന്ന് 500 കിലോ മാംസമാണ് കണ്ടെടുത്തത്. ഇതൊടൊപ്പം ഇറച്ചി പാചകം ചെയ്യുന്നതിനുള്ള 150 കിലോ പഴകിയ എണ്ണയും കണ്ടത്തി. തമിഴ്നാട്ടിലെ ഫാമുകളിൽ നിന്നാണ് ചത്തതും അസുഖം പിടികൂടിയതുമായി കോഴിയിറച്ചി കുറഞ്ഞ വിലയിൽ തീവണ്ടിമാർഗം കൊച്ചിയിലെത്തിക്കുന്നത്. ഇവ നഗരത്തിലെ ഹോട്ടലുകൾ തട്ടുകടകൾ എന്നിവിടങ്ങളിലാണ് ഷവർമ അടക്കമുണ്ടാകകാൻ വിതരണ ചെയ്തിരുന്നത്. 

ഹോട്ടലുകള്‍ക്ക് ശുചിത്വ റേറ്റിങ്

ഹോട്ടലുകൾക്ക് ശുചിത്വ റേറ്റിംഗ് നൽകിയുള്ള ഹൈജീൻ റേറ്റിംഗ് ആപ്പ് ഈ മാസം 20നുള്ളിൽ എത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഓഡിറ്റോറിയങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്കും ലൈസൻസ് നിർബന്ധമാക്കി. ഉദ്യോഗസ്ഥരുടെ പരിശോധനകൾ നിർബന്ധമായും ഓൺലൈൻ ആയി രേഖപ്പെടുത്തണം. പരിശോധനകൾക്ക് ഒപ്പം തുടർ നടപടികൾ ഉറപ്പാക്കാനും ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. 

 

എംപിമാര്‍ക്ക് കെപിസിസിയുടെ മുന്നറിയിപ്പ്

എംപിമാർക്ക് കെപിസിസിയുടെ മുന്നറിയിപ്പ്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വച്ചു പൊറുപ്പിക്കില്ലെന്ന് കെപിസിസി നിര്‍വാഹക സമിതി യോഗത്തിൽ പ്രസിഡന്‍റ് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി. നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് എ.കെ ആന്‍റണിയും നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ച ഇപ്പോഴേ തുടങ്ങുന്നതിൽ പ്രസക്തിയില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. ഒരു സമുദായ നേതാവിനെയും അപ്പോയിന്റ്മെന്റ് എടുത്ത് കണ്ടതല്ലെന്നും തരൂർ പറഞ്ഞു. തന്‍റെ കർമഭൂമി കേരളമാണെന്നും തരൂർ പറഞ്ഞു. തരൂരിന്റെ സന്ദർശനങ്ങള്‍ക്ക് മുസ്ലീം ലീഗ് പ്രത്യേക മാനം നൽകുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർഥിക്കാര്യത്തിൽ ലീഗ് ഒരിക്കലും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ സുരക്ഷാവീഴ്ച

കർണാടകയിലെ ഹുബ്ലിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയത്. റോഡ് ഷോയിൽ വാഹനത്തിൽ നിന്ന് ആൾക്കൂട്ടത്തെ നോക്കി കൈവീശി നീങ്ങുകയായിരുന്ന പ്രധാനമന്ത്രിക്ക് അരികിലേക്ക് ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറി കടന്ന് എത്തുകയായിരുന്നു. കയ്യിൽ മാലയുമായാണ് യുവാവ് ഓടിയെത്തിയത്. യുവാവ് കൊണ്ടുവന്ന മാല പ്രധാനമന്ത്രിയുടെ കയ്യിൽ ഉടക്കി. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഇയാളെ ബലം പ്രയോഗിച്ച് നീക്കി. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.

പഴയിടത്തെ അനുനയിപ്പിക്കാന്‍ സിപിഎം

കലോൽസവ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയെ അനുനയിപ്പിക്കാൻ സി പി എം ശ്രമം. കലോൽസവ വേദിയിൽ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തിൽ നിന്ന് പഴയിടം പിൻമാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിച്ചിത്താനത്തെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മന്ത്രിയുമായ വി.എൻ. വാസവൻ പറഞ്ഞു. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയായിരുന്നു പഴയിടത്തിന്റെ വാക്കുകളിൽ. ബ്രാഹ്മണിക്കൽ ഹെജിമണിയൊക്കെ ആരോപിച്ച് നവമാധ്യമങ്ങളിലെ സി പി എം ബുദ്ധിജീവികൾ കലോൽസവവേദിയിലെ പഴയിടത്തിന്റെ സസ്യാഹാര പാചകത്തെ വിമർശിക്കുമ്പോഴും പാർട്ടി പഴയിടത്തിനൊപ്പം തന്നെയെന്ന സന്ദേശവുമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയം ജില്ലയിൽ നിന്നുള്ള മന്ത്രിയുമായ വി എൻ വാസവൻ കുറിച്ചിത്താനത്തെ പഴയിടം മോഹനൻ നമ്പൂതിരിയുടെ വീട്ടിലെത്തിയത്. 

ജോഷിമഠ്: അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം

ജോഷിമഠിലെ അപകടാവസ്ഥയിലുള്ള ഹോട്ടലുകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി. ബാധിക്കപ്പെട്ട കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക സർക്കാർ നിയോഗിച്ച പ്രത്യേക സമിതി തീരുമാനിക്കും. ജോഷി മട്ടിലെ കാലാവസ്ഥ മോശമായതോടെ ആശങ്ക കനക്കുകയാണ്. ജോഷിമഠിലെ ഭൗമ പ്രതിഭാസത്തെ കുറിച്ച് ചർച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേർന്നു. അമിത് ഷാ വിളിച്ച യോഗത്തില്‍ കേന്ദ്ര പരിസിത്ഥിമന്ത്രി ഭൂപേന്ദ്രയാദവ്, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുത്തത്. ഭൗമ പ്രതിഭാസത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡിലുണ്ടായ വിവിധ പ്രശ്നങ്ങളെ കുറിച്ച് യോഗം ച‍ർച്ച ചെയ്തു. 

കുട്ടനാട് സിപിഎമ്മില്‍ ചേരിപ്പോര് രൂക്ഷം

സി പി എമ്മിൽ ചേരിപ്പോര് രൂക്ഷമായ കുട്ടനാട്ടിൽ പ്രശ്ന പരിഹാരത്തിനായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന്റെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ചകൾ നടന്നു. കുട്ടനാട് ഏരിയാ കമ്മിറ്റിയുടെ ഏകപക്ഷീയമായ പ്രതികാര നടപടികളിൽ പ്രതിഷേധിച്ച് ഒരു മാസത്തിനിടെ 289 പേർ രാജിക്കത്ത് നൽകിയതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും ഒരാളും പാര്‍ട്ടി വിട്ടപോവില്ലെന്നും മൂന്ന് മണിക്കൂര് നീണ്ട യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios