Asianet News MalayalamAsianet News Malayalam

ഗാന്ധിസ്മരണയിൽ രാജ്യം, ഭാരത് ജോഡോ യാത്ര അവസാനിച്ചു, കൂപ്പുകുത്തി അദാനി, പാകിസ്ഥാനിൽ സ്ഫോടനം-ഇന്നത്തെ 10 വാർത്ത

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 135 ദിവസം പിന്നിട്ടാണ് യാത്ര കശ്മീരിലെത്തിയത്.

Today top 10 news
Author
First Published Jan 30, 2023, 7:16 PM IST

​ഗാന്ധി സ്മരണയിൽ രാജ്യം

അഹിംസയുടെ വഴി കാണിച്ച് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച രാഷ്ട്രപിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ രാജ്യത്തിന്റെ പ്രണാമം. രാജ്ഘട്ടിൽ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു  സ്മൃതി കൂടീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, മൂന്ന് സേനാ തലവന്മാർ, പ്രതിരോധ മന്ത്രി തുടങ്ങിയവരും രാജ്ഘട്ടിൽ നടന്ന ചടങ്ങിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു. പിന്നീട് രാജ്ഘട്ടിൽ സർവമത പ്രാർഥനയും നടന്നു. ബാപ്പുവിൻറെ ഓർമ്മകൾക്ക് മുൻപിൽ പ്രണമിക്കുന്നുവെന്നും. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ മുഴുവൻ രക്തസാക്ഷികളേയും ഈ അവസരത്തിൽ ഓർക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിൻറെ എഴുപത്തിയഞ്ചാം വാർഷികമാണ് രാജ്യം ആചരിച്ചത്. 

കോൺ​ഗ്രസ് പ്രവർത്തകർക്ക് ആവേശം, രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അവസാനിച്ചു

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രഇന്ന് ശ്രീനഗറിൽ അവസാനിച്ചു. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 135 ദിവസം പിന്നിട്ടാണ് യാത്ര കശ്മീരിലെത്തിയത്. കനത്ത മഞ്ഞുവീഴ്ചയിലും പ്രവർത്തകർക്ക് ചോരാത്ത ആവേശവുമായി ജോഡോ യാത്രക്ക് സമാപനം  കുറിച്ചത്. രാജ്യത്ത് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ആശയങ്ങള്‍ ആക്രമിക്കപ്പെടുന്നെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.  കശ്മീരിലൂടെ നടക്കാൻ ബിജെപി നേതാക്കൾക്ക് ഭയമെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. പ്രിയങ്കാ ​ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ സമാപന പരിപാടിക്ക് എത്തിയികുന്നു. 

തകർച്ച തുടർന്ന് അദാനി കമ്പനികൾ

അദാനി ഗ്രൂപ്പ് ഓഹരികളുടെ തകർച്ചതുടരുന്നു. നഷ്ടം അഞ്ചര ലക്ഷം കോടി പിന്നിട്ടു. നിക്ഷേപം പിൻവലിക്കുന്നത് ആലോചിക്കുമെന്ന് എൽഐസി. അദാനിയുടേത് കൊള്ളയെന്ന് ആവർത്തിച്ച് ഹിൻഡൻബർഗ്.

ടിഎൻജി പുരസ്കാരം കുടുംബശ്രീക്ക്

ആറാമത് ഏഷ്യാനെറ്റ് ന്യൂസ് TNG പുരസ്കാരം കുടുംബശ്രീക്ക്. പുരസ്കാരം സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്കും
ശാക്തീകരണത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച്. 2 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം
ശനിയാഴ്ച തൃശ്ശൂരിൽ സമ്മാനിക്കും.

ജഡ്ജിയുടെ പേരിൽ കൈക്കൂലി; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
 
ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകി പൊലീസ്. കോടതി നിർദേശത്തെ തുടർന്നായിരുന്നു അഭിഭാഷകനെതിരെ കേസെടുത്തത്. സൈബി ജോസ് ഹാജരായ ജാമ്യ ഹർജികളിലെ നിയമലംഘനങ്ങൾ പരിശോധിക്കണം
എന്നാവശ്യപ്പെട്ട് രജിസ്ട്രാർക്ക് പരാതി.

ചിന്തയെ പിന്തുണച്ച് ഇപി

ചിന്ത ജെറോമിനെ പിന്തുണച്ച് ഇ പി ജയരാജൻ. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് എൽഡിഎഫ് കൺവീനർ. അതേസമയം, ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ഗവർണർക്കും വിസിക്കും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകി. ചിന്തക്കെതികെ യുവജന കമ്മീഷൻ ഓഫീസിലേക്ക് വാഴക്കുലകളുമായി കെ എസ് യു പ്രതിഷേധ മാർച്ച് നടത്തി. 

മുഹമ്മദ് ഫൈസലിന് ആശ്വാസം, ലക്ഷദ്വീപ് ഉപതെര‌ഞ്ഞെടുപ്പ് മരവിപ്പിച്ചു

ലക്ഷദ്വീപ് ഉപതെര‌ഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വധശ്രമക്കേസിൽ മുഹമ്മദ് ഹൈസലിന് അനുകൂലമായി 
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയത്. എന്നാൽ അയോഗ്യത നടപടി പിൻവലിക്കുന്നതിൽ ലോക്സഭ സ്പീക്കറുടെ തീരുമാനം നീളുകയാണ്. 

പാകിസ്ഥാനിൽ ഭീകരാക്രമണം, 32 മരണം

പാകിസ്ഥാനിലെ പെഷാവറിൽ ചാവേറാക്രമണം. പള്ളിയിലെ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 150 പേർക്ക് പരിക്കേറ്റു. 
അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയതായി സംശയിക്കുന്നു. സംഭവത്തെ തുടർന്ന് ഇസ്ലാമാബാദിൽ  ജാഗ്രത നിർദേശം നൽകി.

മൂന്നിടങ്ങളിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം 

സംസ്ഥാനത്ത് മൂന്നിടങ്ങളിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിൽ 86 വിദ്യാർത്ഥികൾ ചികിത്സ തേടി. മൂവാറ്റുപുഴയിലെ വനിതാ ഹോസ്റ്റലിലും തൃശൂരിൽ നഴ്സിംഗ് കോളേജ് ഹോസ്റ്റലിലുമായി നൂറോളം പേർ നിരീക്ഷണത്തിലാണ്. ഛർദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ലക്കിടി ജവഹർ നവോദയ സ്കൂളിലെ 98 പേരാണ് വൈത്തിരി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. പ്രാഥമിക ചികിത്സ നൽകി 12 പേരെ വിട്ടയച്ചു. ഭക്ഷ്യസുരക്ഷാ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്ചയും ചില കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

വടക്കാഞ്ചേരിയിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം

വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. കുണ്ടന്നൂർ സുന്ദരാക്ഷൻ്റെ പടക്കപ്പുരയിലാണ് അപകടമുണ്ടായത്. വെടിക്കെട്ട് പുര പൂർണമായും കത്തി നശിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിയെന്നയാൾക്കാണ് പരിക്കേറ്റത്. അപകടത്തി്നറെ കാരണം വ്യക്തമല്ല.10 കിലോമീറ്റർ അകലേക്ക് വരെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കം റിപ്പോർട്ട് ചെയ്തു. ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ ഡോറുകൾ ശക്തമായ സമ്മർദ്ദത്തിൽ അടഞ്ഞുവെന്ന് പ്രദേശവാസികൾ പറഞ്ഞു.   

Follow Us:
Download App:
  • android
  • ios