ഇന്ന് മൂന്നാം ഓണം. അവിട്ട നാളിലും ആഘോഷങ്ങൾ തുടരുന്നു. ആചാരപ്പെരുമയിൽ ഓണത്തല്ലിനൊരുങ്ങി പല്ലശന
അവിട്ട നാളിലും ആഘോഷങ്ങൾ തുടരുന്നു
ഇന്ന് മൂന്നാം ഓണം. അവിട്ട നാളിലും ആഘോഷങ്ങൾ തുടരുന്നു. ആചാരപ്പെരുമയിൽ പല്ലശനയിൽ ഓണത്തല്ല്. തലസ്ഥാന വാസികളുടെ ഓണം കെങ്കേമമാക്കി ആയിരം ഡ്രോണുകൾ അണിനിരന്ന ലേസർ ഷോ.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ രമേശ് ചെന്നിത്തല സന്ദർശിക്കും
തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ മർദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല സന്ദർശിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും സുജിത്തിനെ കണ്ട് മുന്നോട്ടുള്ള പോരാട്ടത്തിന് പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സതീശൻ പ്രതികരിച്ചത്.
എറണാകുളം റൂറൽ എസ്പി ഓഫീസിലെ വിവാദ ഫോൺവിളിയിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് സാധ്യത
എറണാകുളം റൂറൽ എസ്പി ഓഫീസിലെ വിവാദ ഫോൺവിളിയിൽ ഫോൺ വിളിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെയും ഫോണിലൂടെ മോശമായി പ്രതികരിച്ച ഉദ്യോഗസ്ഥനെതിരെയും നടപടിക്ക് സാധ്യത. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ രണ്ടു പേർക്കും എതിരെ നടപടി നിർദ്ദേശം ഉണ്ടെന്നാണ് വിവരം. അച്ചടക്ക നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും. കളമശ്ശേരി പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് റിഫ്ലക്ടർ ജാക്കറ്റ് വേണമെന്ന ആവശ്യവുമായി എസ്പി ഓഫീസിലേക്ക് വിളിച്ചത്. താൻ റിപ്പോർട്ട് ചെയ്യുന്ന മേൽ ഉദ്യോഗസ്ഥനോട് പറയാതെ നേരിട്ട് എസ് പിയെ വിളിച്ചത് അച്ചടക്ക ലംഘനം എന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഫോൺ കോളുകൾക്ക് മറുപടി പറയുമ്പോൾ ഉണ്ടായ ഭാഷാ പ്രയോഗത്തിൽ എസ്പി ഓഫീസിലെ ജീവനക്കാരനും വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.
കാസർകോട് മകളെ ആസിഡ് ഒഴിച്ച് അക്രമിച്ച അച്ഛനായി തെരച്ചിൽ
കാസർകോട് പനത്തടിയിൽ മകളെ ആസിഡ് ഒഴിച്ച് അക്രമിച്ച അച്ഛനായി തെരച്ചിൽ. കർണാടക കരിക്കെ സ്വദേശി മനോജാണ് ആസിഡ് ആക്രമണം നടത്തിയത്. ബന്ധുവായ പത്തുവയസുകാരിക്ക് നേരെയും മനോജ് ആസിഡ് ഒഴിച്ചു.
വിപണിയെ സർക്കാർ കർശനമായി നിരീക്ഷിക്കുമെന്ന് പീയൂഷ് ഗോയൽ
ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം പൂർണമായും ഉപഭോക്താക്കൾക്ക് ലഭിക്കാനായി കേന്ദ്രസർക്കാർ ശക്തമായി ഇടപെടുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. വിപണിയെ സർക്കാർ കർശനമായി നിരീക്ഷിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ദില്ലിയിൽ വ്യക്തമാക്കി. ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നതായി വ്യവസായികളുടെ സംഘടനയായ സിഐഐയും അറിയിച്ചു.. ജിഎസ്ടി ലഘൂകരിക്കുന്നത് രാജ്യത്തെ വ്യവസായങ്ങളെ ശക്തിപ്പെടുത്തുമെന്നും സിഐഐ അറിയിച്ചു. അതിനിടെ രാജ്യത്ത് പണപ്പെരുപ്പ നിരക്ക് അരമുതൽ ഒരു ശതമാനം വരെ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു
പുതിയ ജിഎസ്ടി പരിഷ്ക്കരണത്തെ സ്വാഗതം ചെയ്ത് കരസേന മേധാവി
പുതിയ ജിഎസ്ടി പരിഷ്ക്കരണത്തെ സ്വാഗതം ചെയ്ത് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. രണ്ട് സ്സാബാക്കി നികുതി മാറ്റിയത് പ്രതിരോധരംഗത്തിന് ഏറെ ഗുണം ചെയ്യുമെന്ന് കരസേന മേധാവി വ്യക്തമാക്കി. ഗവേഷണത്തിനും ആയുധനിർമ്മാണത്തിന് ജിഎസ്ടി ഇളവ് ഗുണം ചെയ്യും. പ്രതിരോധരംഗത്തെ ചെറുകിട നിർമ്മാതാക്കൾക്കും വലിയ നേട്ടം ഇതുവഴിയുണ്ടാകും ഡ്രോണുകൾക്ക് ജിഎസ്ടി ഒഴിവാക്കിയത് ഗുണം ചെയ്യും ഇതിന് സർക്കാരിനോട് നന്ദി പറയുന്നതായും കരസേന മേധാവി.
സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം
സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി എട്ട് അന്പത്തിയെട്ടിന് ഭൂമിയുടെ നിഴൽ ചന്ദ്രന് മേൽ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണ പ്രക്രിയ. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും. രാത്രി പതിനൊന്നേ നാൽപ്പത്തിയൊന്നേടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക. എട്ടാം തീയതി അർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുന്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. രണ്ട് ഇരുപത്തിയഞ്ചോടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ അറുപത് ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം
