ലഡാക്ക് സംഘർഷത്തിന് പിന്നാലെ സമര നേതാവ് സോനം വാങ് ചുക്ക് അറസ്റ്റിലായി. അതേസമയം, സിപിഎം നേതാവിനെതിരായ സൈബർ ആക്രമണക്കേസിൽ കെ.എം. ഷാജഹാന് ജാമ്യം ലഭിച്ചപ്പോൾ, എൻഎസ്എസ് നേതൃത്വത്തിന്റെ ഇടതുചായ്‌വിനെതിരെ കൂടുതൽ കരയോഗങ്ങൾ രംഗത്തെത്തി.
തിരുവനന്തപുരം: നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സമര നേതാവ് സോനം വാങ് ചുക്ക്അറസ്റ്റിലായതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഇതിനിടെ എൻഎസ്എസ് നേതൃത്വത്തിന്‍റെ ഇടതു ചായ്‍വിനെതിരെ കൂടുതല്‍ കരയോഗങ്ങള്‍ പരസ്യമായി രംഗത്തെത്തുന്നുണ്ട്. അതേസമയം, സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്.
പൊലീസിന് വൻ തിരിച്ചടി
സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഷാജഹാനെതിരെ കേസെടുത്ത് മൂന്നു മണിക്കൂറിൽ അറസ്റ്റുണ്ടായെന്നും അറസ്റ്റ് ചെയ്യാൻ ചെങ്ങമനാട് സിഐയ്ക്ക് ആരാണ് അധികാരം നൽകിയെന്നും കോടതി ചോദിച്ചു
സോനം വാങ് ചുക്ക് അറസ്റ്റില്‍
നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സമര നേതാവ് സോനം വാങ് ചുക്ക് അറസ്റ്റില്‍. ദേശസുരക്ഷ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിനിടെ ലഡാക്കിലെ പ്രതിഷേധക്കാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാളെ ചര്‍ച്ച നടത്തും.
ശബരിമലയും സിപിഎമ്മും
ശബരിമല യുവതീപ്രവേശനം അടഞ്ഞ അധ്യായമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. എന്നാൽ ഇപ്പോൾ ആലോചിക്കേണ്ട കാര്യമില്ല. പഴയ നിലപാടിൽ പോസ്റ്റുമോർട്ടത്തിനുമില്ല. യുവതീ പ്രവേശനത്തിൽ സർക്കാരും പാർട്ടിയും നിലപാട് മാറ്റിയത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അവ്യക്തമായ മറുപടി.
ഇടത്തോട്ട് തിരിയുന്നതിൽ അതൃപ്തി
എൻഎസ്എസ് നേതൃത്വത്തിന്‍റെ ഇടതു ചായ്‍വിനെതിരെ കൂടുതല്‍ കരയോഗങ്ങള്‍ പരസ്യമായി രംഗത്തെത്തി. ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബം കരയോഗം അംഗത്വം ഉപേക്ഷിച്ചതിന് പിന്നാലെ എറണാകുളത്ത് കണയന്നൂര്‍കരയോഗ ഭാരവാഹികളും സുകുമാരൻ നായരുടെ നിലപാടിനെ പരസ്യമായി തള്ളി.
സുരേഷ് ബാബുവിനെ പിന്തുണയ്ക്കാതെ നേതാക്കൾ
ഷാഫി പറമ്പിലിനെതിരായ ആരോപണത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ട് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ജില്ലാ സെക്രട്ടറിക്ക് ആരോപണം ഉണ്ടെങ്കിൽ അദ്ദേഹം തെളിവുകൾ പുറത്തു വിടട്ടെ എന്ന നിലപാടിലാണ് മുതിർന്ന സിപിഎം നേതാക്കള്‍. യൂത്ത് കോൺഗസ് നേതാവ്, സെക്രട്ടറിക്കെതിരെ പരാതി കൊടുത്തതും സിപിഎമ്മിനെ വെട്ടിലാക്കുന്നു. അതേസമയം, ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
നറുക്കെടുപ്പ് മാറ്റി
നാളെ നടത്താനിരുന്ന തിരുവോണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റി. അടുത്ത മാസം നാലിന് നറുക്കെടുക്കും. ജിഎസ്ടി മാറ്റം, കനത്ത മഴ എന്നിവ കാരണം ടിക്കറ്റുകള്‍ പൂര്‍ണമായും വിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിയത്. ഏജന്‍റുമാരുടെയും വില്‍പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനമെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമാക്കിയിരുന്നു. വിൽപന കുറയുമെന്നതിനാൽ വില കൂട്ടേണ്ടെന്ന് തീരുമാനിച്ചു. ഏജന്‍റുമാരുടെ കമ്മീഷൻ കുറച്ചും സമ്മാന ഘടനയിൽ മാറ്റം വരുത്തിയാണ് വില വര്‍ധന ഒഴിവാക്കിയത്
ദുൽഖര്‍ കോടതിയിൽ
കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. പിടിച്ചെടുത്ത വാഹനം തിരികെ നൽകണമെന്ന് ഹർജി. നിയമവിധേയമായ ഇടപാടെന്ന് ദുൽഖർ പറയുന്നു. ഓപ്പറേഷൻ നുംഖോറിൽ അറസ്റ്റിലായ മാഹിൻ അൻസാരിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.


