ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം
1 ശബരിമല തീർത്ഥാടകരുടെ വാഹനാപകടം: ഗുരുതര പരിക്കേറ്റ കുട്ടി മരിച്ചു
ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു എന്നതാണ് ഇന്ന് ഏറ്റവും വേദനായ സംഭവം. പത്ത് വയസ്സുകാരി സംഗമിത്രയാണ് മരിച്ചത്. എരുമേലി കണ്ണിമലയിൽ വച്ചാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. 21 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 17 തീർത്ഥാടകർക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ താംബരം സ്വദേശികളാണ് ഇവർ. കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.
2 ശബരിമല കാനനപാതയിലെ രാത്രി നിയന്ത്രണം അവസാനിപ്പിക്കണമെന്ന് ഹർജി, റിപ്പോർട്ട് തേടി ഹൈക്കോടതി
ശബരിമല കാനനപാതയിലെ രാത്രി നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തി എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. അയ്യപ്പ ധർമ്മ സംഘമാണ് ഹർജി നൽകിയത്. നിയന്ത്രണം കാനനക്ഷേത്രങ്ങളുടെ പ്രസക്തി നഷ്ടമാക്കും എന്നാണ് ഹർജിക്കാർ ചൂണ്ടികാണിക്കുന്നത്. 24 മണിക്കൂറും തീർത്ഥാടകരെ കടത്തിവിടണമെന്നാണ് ആവശ്യം. എന്നാൽ നിയന്ത്രണം തീർത്ഥാടകരുടെ സുരക്ഷയ്ക്ക് എന്നാണ് സർക്കാർ വാദം. കാനനപാതയിൽ വന്യമൃഗ സാന്നിധ്യം കൂടുതലാണെന്നും രണ്ട് വർഷമായി അടഞ്ഞുകിടക്കുകയാണ് പാതയെന്നും അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നും സർക്കാർ അറിയിച്ചു. വിശദമായ റിപ്പോർട്ട് നൽകാൻ ദേവസ്വം ബഞ്ച് നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവി, വനംവകുപ്പ്, പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് മറുപടി നൽകേണ്ടത്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
3 കത്ത് വിവാദം: മേയറുടെ വഴിതടഞ്ഞു, നഗരസഭയിൽ സംഘർഷം; 9 ബിജെപി വനിതാ കൗൺസിലർമാർക്ക് സസ്പെൻഷൻ
കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബിജെപി വനിത കൌണ്‍സിലര്‍മാര്‍ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒൻപത് വനിതാ ബിജെപി അംഗങ്ങളെ സസ്പെന്റ് ചെയ്തു. ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമരം പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് തന്‍റെ വാദങ്ങൾക്കുള്ള അംഗീകാരമാണെന്നുമാണ് മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ജനുവരി ഒന്ന് മുതൽ കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച മുന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
5 'ക്രിസ്മസ് വിരുന്ന് ബഹിഷ്കരണം അവരുടെ തീരുമാനം, എന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്'
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വീണ്ടും രംഗത്തെത്തി. ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണെന്നും എന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണെന്നും ഗവർണർ പറഞ്ഞു. വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ലെന്നും ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ കോടതി തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
6 ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും, വാക്കുകൾ കുറിച്ച് വെച്ചോളൂ: രാഹുൽ ഗാന്ധി
ബിജെപിയെ കോൺഗ്രസ് അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച് തന്റെ വാക്കുകൾ കുറിച്ച് വെച്ചോളാൻ മുന്നറിയിപ്പും രാഹുൽ ഗാന്ധി നൽകിയെന്നതാണ് ഇന്നത്തെ മറ്റൊരു വാർത്ത. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസിനെ വിലകുറച്ച് കാണരുതെന്നും ശക്തമായ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് ചിലർ പറഞ്ഞുവെന്നും എന്നാൽ ജനങ്ങൾ ഇത് തള്ളിയെന്നും രാഹുൽ പറഞ്ഞു.
7 ഭീകരവാദം: യുഎന്നിൽ പാകിസ്ഥാനും ചൈനക്കുമെതിരെ ആഞ്ഞടിച്ച് എസ് ജയശങ്കർ
യുഎൻ സുരക്ഷാ കൗൺസിലിൽ തീവ്രവാദ വിരുദ്ധ യോഗത്തിൽ പാകിസ്ഥാനെയും ചൈനയെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രൂക്ഷമായി വിമർശിച്ചു എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാൻ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളും മുമ്പ് രൂപംകൊണ്ട തീവ്രവാദ ശൃംഖലകളും ദക്ഷിണേഷ്യയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവയാണ് ഭീകരവാദത്തിന്റെ ഇപ്പോഴത്തെയും ഉറവിടമെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ പേരെടുത്ത് പറയാതെയും ഇന്ത്യ വിമർശിച്ചു. ചിലർ ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഇരട്ടതാപ്പ് നയം സ്വീകരിക്കുകയും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ തന്ത്രപരമായ വിട്ടുവീഴ്ചകൾ ഉണ്ടാകുന്നത് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ സിനിമാ നിർമാതാക്കളുടെ വീടുകളിലും പ്രമുഖ നിർമാണ കമ്പനികളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് തുടരുന്നു എന്നതാണ് സിനിമ മേഖലയിൽ നിന്നുള്ള പ്രധാന വാർത്ത. നടൻ പൃഥിരാജ്, നിർമാതാക്കളായ ആന്‍റണി പെരുന്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് പരിശോധന. സിനിമാ നിർമാണത്തിനായി പണം സമാഹരിച്ചതിലും , ഒടിടി വരുമാനത്തിലുമടക്കം കളളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധന പൂർത്തിയായി രണ്ടാഴ്ച കഴിഞ്ഞാലേ ക്രമക്കേടുകളുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരൂ.
9 രഞ്ജി ട്രോഫി: സഞ്ജുവിന്‍റെ ധീരമായ ഡിക്ലറേഷനില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് നാടകീയ ജയം
സമനിലയാകുമെന്ന് കരുതിയ മത്സരത്തെ ധീരമായ ഡിക്ലറേഷന്‍ കൊണ്ട് ആവേശപ്പോരാക്കിയ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ തീരുമാനം ഒടുവില്‍ ഫലം കണ്ടു എന്നതാണ് ഇന്നത്തെ പ്രധാന ക്രിക്കറ്റ് വാർത്ത. രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ 85 റണ്‍സിന്‍റെ നാടകീയ ജയമാണ് കേരളം സ്വന്തമാക്കിയത്. അവസാന ദിവസം ലഞ്ചിന് ശേഷം ജാര്‍ഖണ്ഡിന് 323 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച കേരളം ജാര്‍ഖണ്ഡിനെ 237 റണ്‍സിന് പുറത്താക്കിയാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. സ്കോര്‍ കേരളം 475, 187-7, ജാര്‍ഖണ്ഡ് 340, 237.
10 പൂജാരക്കും ഗില്ലിനും സെഞ്ചുറി; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് കൂറ്റന്‍ വിജയലക്ഷ്യം
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദശിന് 513 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. മൂന്നാം ദിനം ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് 150 ല്‍ അവസാനിപ്പിച്ച് 254 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയക്കാതെ വീണ്ടും ബാറ്റിംഗിനിറങ്ങി. സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും തകര്‍ത്തടിച്ചതോടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 513 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സോടെ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും 17 റണ്‍സോടെ സാക്കിര്‍ ഹസനും ക്രീസില്‍. സ്കോര്‍ ഇന്ത്യ 404, 258-2, ബംഗ്ലാദേശ് 150, 42-0.
