അശോക് ഗെഹ്ലോട്ടിന്‍റെ ബജറ്റവതരണം, താലൂക്ക് ഓഫീസിലെ കൂട്ട അവധി, ഹിൻഡൻബെർഗ് റിസർച്ചും അദാനിയും തമ്മിലുള്ള പോരുമടക്കം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ അറിയാം.

തിരുവനന്തപുരം: വലിയ ട്രോളുകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്ത് 'കൗ ഹഗ് ഡേ' ആചരിക്കണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് നിര്‍ദ്ദേശം പിന്‍വലിച്ചിരിക്കുകയാണ്. നിര്‍ദ്ദേശം പിന്‍വലിച്ചെങ്കിലും ബിജെപി നേതാക്കളുടെയും മന്ത്രിമാരുടെയും അനുകൂല പ്രസ്താവനകള്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി ഡി2 വിന്‍റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത് രാജ്യത്തിന് അഭിമാന നേട്ടമായി മാറി. കേരളത്തില്‍ ഒരു താലൂക്ക് ഓഫീസിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും കൂട്ട അവധിയെടുത്ത് വിനോദ യാത്ര പോയതാണ് പ്രധാന വാര്‍ത്തകളിലൊന്ന്. അശോക് ഗെഹ്ലോട്ടിന്‍റെ ബജറ്റവതരണം, ഹിൻഡൻബെർഗ് റിസർച്ചും അദാനിയും തമ്മിലുള്ള പോരുമടക്കം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ അറിയാം.

1. 'കൗ ഹഗ് ഡേ'; പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന വിവാദ നിര്‍ദേശം പിന്‍വലിച്ചു

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് വിവാദ കൗ ഹഗ് ഡേ സര്‍ക്കുലര്‍ പിന്‍വലിച്ചു.പ്രണയദിനത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് കൗ ഹഗ് ഡേ ആചരിക്കണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്‍റെ നിര്‍ദേശമാണ് പിന്‍വലിച്ചത്. കൗ ഹഗ് ഡേ സര്‍ക്കുലറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചിരിക്കുന്നത്.

2. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി; തഹസിൽദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍

കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിൽ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തില്‍ തഹസിൽദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യർ. ഓഫീസിൽ ഹാജരാക്കാത്ത മുഴുവൻ ജീവനക്കാരുടെയും വിശദ വിവരങ്ങള്‍ അടിയന്തരമായി നൽകാൻ ജില്ലാ കളക്ടര്‍ നിർദേശം നല്‍കി. 63 ജീവനക്കാരുള്ള ഓഫീസിൽ ഇന്ന് 21 പേർ മാത്രമാണ് ഹാജരായത്.

3. എസ്എസ്എല്‍വി പരീക്ഷണം വിജയം; ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് ഒരു തുറുപ്പ്ചീട്ട്; അറിയാം

 ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി ഡി2 വിന്‍റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണം വിജയകരമാണെന്നും. എസ്എസ്എല്‍വി ഡി2 മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. 
രാവിലെ 9.18 നായിരുന്നു വിക്ഷേപണം. 15 മിനുട്ടിനുള്ളില്‍ ഉപഗ്രഹങ്ങളെ വഹിച്ച് റോക്കറ്റ് 450 കിലോ മീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലാര്‍ ഓര്‍ബിറ്റില്‍ എത്തി. രാജ്യത്തെ 750 വിദ്യാര്‍ത്ഥിനികള്‍ തയ്യാറാക്കിയത് അടക്കം മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ഡി2 വഹിച്ചത്. 

4. അമേരിക്കയിലെ വാച്ടെൽ വാദിക്കും? ഹിൻഡൻബെർഗ് റിസർച്ചിനെതിരെ അദാനി നിയമ നടപടിക്ക്

 ഹിൻഡൻബർഗ് റിസർച്ചിനെതിരെ ഗൗതം അദാനി ഗ്രൂപ്പ് കമ്പനികൾ നിയമ നടപടി തുടങ്ങുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കയിൽ കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിൽ എത്തിയെന്നാണ് ബിസിനസ് രംഗത്തെ വാർത്ത. അമേരിക്കയിൽ വൻകിട കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന സ്ഥാപനമാണ് വാച്ച്ടെൽ.

5. ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടില്ല,സിന്‍ഡിക്കേറ്റ് അംഗ നിയമനം വിവാദത്തില്‍

ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ പി കെ ബിജു അടക്കം ഉള്ള 6 ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനം വിവാദത്തിൽ. നിയമനത്തിന് ആധാരമായ ബില്ലിൽ ഇത് വരെ ഗവർണ്ണർ ഒപ്പിട്ടില്ലാത്തതിനാൽ 6 പേരെയും അസാധു ആക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പി കെ ബിജു.ഐ സാജു, ബിഎസ് ജമുന,ഡോ വിനോദ് കുമാർ ജേക്കബ്, എസ് വിനോദ് കുമാര്‍,ജി സഞ്ജീവ് എന്നീ സിന്ഡിക്കേറ്റ് അംഗങ്ങളുടെ നിയമനമാണ് തുലാസിലായത്.

6. അനുവദിച്ചിരുന്ന തുക തീര്‍ന്നു; ഗവർണറുടെ വിമാന യാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടിവന്നത്.

7. സംഭവം കൊള്ളാം, പക്ഷേ പഴയതായിപ്പോയി; കഴിഞ്ഞ വർഷത്തെ ബജറ്റ് അവതരിപ്പിച്ച് അശോക് ​ഗെലോട്ട്, കുത്തിയിരുന്ന് ബിജെപി

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ​ഗെലോട്ട് അവതരിപ്പിച്ചത് പഴയ ബജറ്റ്. ആദ്യ എട്ട് മിനുട്ടോളം ബജറ്റ് വായിച്ചതിന് ശേഷമാണ് പഴയ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്. ഉടൻ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിർത്തി. 2022-2023 സാമ്പത്തിക വർഷത്തെ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ആദ്യത്തെ രണ്ട് പദ്ധതികൾ അവതരിപ്പിച്ചപ്പോൾ തന്നെ പഴയ ബജറ്റാണെന്ന് മുറുമുറുപ്പയർന്നു. പഴയ ബജറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിപക്ഷം പരിഹാസവുമായി രം​ഗത്തെത്തി. കോൺഗ്രസ് അംഗങ്ങൾ പുതിയ ബജറ്റിനായി പരക്കം പാഞ്ഞു. ഒടുവിൽ ഉദ്യോഗസ്ഥർ പുതിയ ബജറ്റ് എത്തിച്ചു നൽകി. 

8. ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ബാധ മാറി, തുടർ ചികിൽസക്കായി ഉടൻ കൊണ്ടുപോയേക്കും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ബാധ പൂർണമായും ഭേദമായെന്ന് ഡോക്ടർമാർ. പനി ഇല്ല, ശ്വാസ തടസം ഇല്ല . കഴിഞ്ഞ 48 മണിക്കൂറിൽ ഓക്സിജൻ സപ്പോർട്ടും ആവശ്യമായി വന്നിട്ടില്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടർമാരോടും വീട്ടുകാരോടും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ന്യുമോണിയ ബാധ പൂർണമായും മാറിയ സാഹചര്യത്തിൽ തുടർ ചികിൽസക്കായി അദ്ദേഹത്തെ കൊണ്ടുപോകാവുന്നതാണെന്നും നിംസ് ആശുപത്രി ഡോക്ടർമാർ വ്യക്തമാക്കി. 

9. കൊച്ചി അപകടം: ബസ് ഡ്രൈവറുടെ കുറ്റമെന്ന് പൊലീസ്, ഞെട്ടിക്കുന്ന സംഭവമെന്ന് ഹൈക്കോടതി

സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കൊച്ചിയിൽ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കേരള ഹൈക്കോടതി. സംഭവം ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി കോടതിയിൽ പറഞ്ഞു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തി. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു.

10. പുട്ടിനുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ, സഹകരണം തുടരാൻ ധാരണ

പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ തലസ്ഥാനമായ മോസ്കോയിലായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി- പ്രാദേശിക വിഷയങ്ങളിൽ ഇരു രാജ്യവും വിശദമായ ചർച്ച നടത്തിയതായി റഷ്യയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നീക്കം തുടരാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.