കൊല്ലം കൊട്ടാരക്കരയിൽ രാത്രിയുടെ മറവിൽ ടാങ്കർ ലോറികളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. പൂവറ്റൂർ ജങ്ഷനിൽ റോഡിൽ മാലിന്യം തള്ളിയതിനെ തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പ്രദേശം വൃത്തിയാക്കി. 

കൊല്ലം: രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യമടക്കം വലിയ ടാങ്കർ ലോറികളിൽ നിറച്ച് ജനവാസകേന്ദ്രങ്ങളിലും നടുറോഡിലുമെല്ലാം തള്ളുന്നതായി പരാതി. ചൊവ്വാഴ്ച രാത്രി കൊട്ടാരക്കര പൂവറ്റൂർ ജങ്ഷനിൽ നിന്നു കച്ചേരിമുക്ക് ഭാഗത്തേക്കു പോകുന്ന റോഡിൽ കക്കൂസ് മാലിന്യം തള്ളി. ഇതോടെ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനായി റോഡിന് കുറുകെ നിർമിച്ച ചപ്പാത്തു മുഴുവൻ കക്കൂസ് മാലിന്യം നിറഞ്ഞു. വാഹനങ്ങളെല്ലാം കയറിയിറങ്ങിയതോടെ ഇത് റോഡാകെ പരന്നു. റോഡിനു വശത്തെ ട്രാൻസ്‌ഫോമറിലും ചുറ്റുപാടും മാലിന്യം നിറഞ്ഞ് സമീപത്തെ പുരയിടങ്ങളിലേക്ക് ഒഴുകിയിറങ്ങി. 

പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇത് ആദ്യം കണ്ടത്. ഉടൻ തന്നെ ജനപ്രതിനിധികളെയും മറ്റും വിവരം അറിയിച്ചു. കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. പ്രിയ, വൈസ് പ്രസിഡന്റ് എസ്. അജികുമാർ, വാർഡ് അംഗങ്ങളായ എ. അനില, പൂവറ്റൂർ സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി വാഹനത്തിൽ വെള്ളമെത്തിച്ച് നാട്ടുകാരുടെ സഹായത്തിൽ റോഡാകെ കഴുകി വൃത്തിയാക്കി. ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി ക്ലോറിനേഷൻ നടത്തി. പോലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മാലിന്യം തള്ളാനെത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. 

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പുത്തൂരിലെ സായന്തനം വയോജന കേന്ദ്രത്തിനു മുന്നിലുള്ള ഓടയിലേക്ക് രണ്ടു മാസം മുൻപ് കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്ത വാഹനം ഇപ്പോഴും പുറത്തിറക്കാനായിട്ടില്ല. പവിത്രേശ്വരം പഞ്ചായത്ത് അധികൃതരും സംഭവത്തിൽ കേസെടുത്തിരുന്നു. പുത്തൂർ മാറനാട് റോഡരികിലെ ഏലായിലും കുളക്കട - താഴത്തു കുളക്കട റോഡിലും വല്ലഭൻകര പാലത്തിനു സമീപവും അടുത്ത കാലത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളിയതും പ്രതിഷേധത്തിന് വഴിയൊരുക്കി.