Asianet News MalayalamAsianet News Malayalam

'മരട് പാഠമാകണം, കൂടുതല്‍ കയ്യേറ്റങ്ങളില്‍ റിപ്പോര്‍ട്ട് ഉടനില്ല'; സാവകാശം വേണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്

 കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ തീരുമാനം വിധിപകര്‍പ്പ് കിട്ടിയശേഷമായിരിക്കുമെന്നും ടോം ജോസ്

Tom Jose on maradu
Author
Trivandrum, First Published Jan 14, 2020, 10:10 AM IST

തിരുവനന്തപുരം: മരട് പാഠമാകണമെന്നും ദൗത്യം ജയിച്ചതില്‍ സന്തോഷമെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. എന്നാല്‍ ഫ്ലാറ്റ് ഉടമകളുടെ കാര്യത്തില്‍ വിഷമമുണ്ടെന്നും ടോം ജോസ് പറഞ്ഞു. കൂടുതല്‍ കയ്യേറ്റങ്ങളില്‍ റിപ്പോര്‍ട്ട് ഉടനില്ലെന്നാണ് ടോം ജോസ് വിശദീകരിക്കുന്നത്. പരിശോധനയ്ക്ക് സാവകാശം വേണം, റിപ്പോര്‍ട്ട് വൈകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ തീരുമാനം വിധിപകര്‍പ്പ് കിട്ടിയശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മരടിലെ ഫ്ലാറ്റുകള്‍ക്ക് പിന്നാലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഉത്തരവ്. തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. 

മരടിലെ ഫ്ലാറ്റ് പൊളിച്ച സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം ഉടമകള്‍ക്കെന്നാണ് ടോം ജോസ് വിശദീകരിക്കുന്നത്. എന്നാല്‍ മരടിലെ ഭൂമി ഫ്ലാറ്റ് ഉടമകൾക്ക് നിയമ പ്രകാരം വിട്ട് നൽകുമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും  ഇതേ ഭൂമിയിൽ പുതിയ നിർമ്മാണം  നടത്തണമെങ്കിൽ കടമ്പകൾ ഏറെയാണ്. സിആർസെഡ് നിയമത്തിന്‍റെ നഗ്നമായ ലംഘനം ഉണ്ടെന്ന് കണ്ടെത്തിയായിരുന്നു മരടിലെ നാല് പാർപ്പിട സമുച്ഛയങ്ങൾ പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. വിധി നടപ്പാക്കിയതിന് പിറകെ  ഭൂമി വേഗത്തിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഉടമകൾ  രംഗത്ത് വിന്നിട്ടുണ്ട്. 

ഹോളി ഫെയ്ത്തിന്  98.49 സെന്‍റ് ഭൂമിയും  ആൽഫ വെഞ്ചേഴ്സിന്  113 സെന്‍റ് ഭൂമിയും ,ജെയിൻ കോറൽ കോവിനും 171.35 സെന്‍റ് ഭൂമിയുമാണുള്ളത്. അരയേക്കറോളം ഭൂമിയുള്ള ഗോള്‍ഡന്‍ കായലോരത്തിന് മാത്രമാണ് കുറവ് ഭൂമി.  സിആർസെഡ് 2 ൽ ഉൾപെടുന്ന സ്ഥലത്ത് കായലിൽനിന്ന് 50 മീറ്റർ വിട്ടാലും  കെട്ടിടം പണിയാൻ ആവശ്യത്തിന് സ്ഥലം ഉണ്ടെന്നാണ് ഉടമകളുടെ അവകാശവാദം.  എന്നാൽ ഭൂവുടമകളെ കാത്ത് മറ്റ് നിയമ പ്രശ്‍നങ്ങളാണുള്ളത്.

Follow Us:
Download App:
  • android
  • ios