പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (തിങ്കളാഴ്ച) അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക എന്നാണ് റിപ്പോർട്ട്. അതിനായുള്ള റിസർവേഷൻ ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ചു. 06235 യശ്വന്ത്പുര്‍- കൊച്ചുവേളി ഫെസ്റ്റിവല്‍ എക്‌സ്പ്രസ് സ്പെഷല്‍ ശനിയാഴ്ച രാത്രി 11:55 ന് യശ്വന്ത്പുരില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7:10ന് കൊച്ചുവേളിയില്‍ എത്തും. 06236 കൊച്ചുവേളി-യശ്വന്ത്പുര്‍ ഫെസ്റ്റിവല്‍ എക്‌സ്പ്രസ് സ്പെഷല്‍ 14ന് രാത്രി 10 ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് 15 ന് വൈകുന്നേരം നാലരയ്ക്ക് യശ്വന്ത്പുരിലെത്തും.

ജനുവരി 15 നാണ് ശബരിമലയിൽ മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2:46 ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കും. തുടര്‍ന്നാണ് തിരുവാഭരണം സ്വീകരിക്കലും ശേഷം തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും ഒപ്പം മകരവിളക്ക് ദര്‍ശനവും നടക്കും. 

മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്പ ഹില്‍ ടോപ്, നീലിമല, അപ്പാച്ചിമേട്, പുൽമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശനസൗകര്യം ഒരുക്കിയിട്ടുള്ളത്. 

മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാര്‍ത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ട് കഴിഞ്ഞു. പരമ്പരാഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് എത്തും. രാജകൊട്ടാരത്തിലെ കുടുംബാംഗം കാലം ചെയ്ത സാഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ലായിരുന്നു.

6.39 കോടി; '20 പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി എന്നിവരിൽ നിന്ന് ഈടാക്കണം'; അഴിമതി കണ്ടെത്തി ഓഡിറ്റ് വിഭാ​ഗം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം