Asianet News MalayalamAsianet News Malayalam

ദുരിത മഴ; ഇന്ന് ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും, 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,കല്ലാര്‍ അണക്കെട്ട് തുറന്നു

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ‍ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

torrential rain reported in kerala Kallar Dam opened
Author
Trivandrum, First Published Oct 21, 2021, 6:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും രാത്രിയിലും മഴ ഉണ്ടായി. എന്നാൽ പുലർച്ചയോടെ മഴയ്ക്ക് ശമനം. ഇപ്പോൾ ഒരു ജില്ലയിലും കനത്ത മഴ പെയ്യുന്നില്ല. എന്നാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. 

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം. ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ‍ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിൽ രാത്രിയിലും മഴ തുടർന്നു. രണ്ടിടത്ത് ഉരുൾ പൊട്ടി. ആളപായമില്ല. അൻപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പുലർച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. രാത്രിയിൽ പത്തനംതിട്ടയിൽ ഒറ്റപ്പെട്ട മഴ തുടർന്നു. ഇന്ന് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി കല്ലാർ ഡാം തുറന്നു. വെളുപ്പിന് 2.30 മുതൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

മലപ്പുറം ജില്ലയിൽ രാത്രിയിൽ കാര്യമായ മഴ ഉണ്ടായില്ല. പുലർച്ചെ കാലാവസ്ഥ ശാന്തമാണ്. വയനാട്ടിൽ കനത്ത മഴയ്ക്ക് ശമനം. ജില്ലയിൽ എവിടെയും ഇപ്പോൾ മഴയില്ല. വെള്ളക്കെട്ട് രൂപപ്പെട്ട ബത്തേരി, ചീരാൽ എന്നിവിടങ്ങളിൽ നിന്ന് വെളളം ഇറങ്ങി. കോഴിക്കോട് നഗര മേഖലകളിൽ ഇന്നലെ മുതൽ മഴയില്ല. എന്നാൽ മലയോര മേഖലകളിൽ നല്ല മഴ തുടരുന്നു.

കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ അടക്കം പുലർച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ഇപ്പോൾ മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും മഴ പെയ്യുന്നത് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്നലത്തെ മഴയിൽ തീ കോയിൽ മണ്ണിടിച്ചിലുണ്ടായി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത് പുലർച്ചയോടെ മഴ കുറഞ്ഞു. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ രാത്രിയിൽ മഴ പെയ്തു. തൃശ്ശൂരില്‍ രാത്രിയിൽ മഴ പെയ്തെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. ജലനിരപ്പ് ഏഴു മീറ്റർ കടന്നാൽ മാത്രമാണ് ചാലക്കുടിപ്പുഴയിൽ അപകട മുന്നറിയിപ്പ് നൽകുക. എന്നാൽ ഇപ്പോൾ മൂന്നര മീറ്റർ മാത്രമാണ് ജലനിരപ്പ്.

വയനാട് ജില്ലയിൽ ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴയ്ക്ക് ശമനം. ജില്ലയിൽ എവിടെയും ഇപ്പോൾ മഴപെയ്യുന്നില്ല. കഴിഞ്ഞ ദിവസം  വെള്ളക്കെട്ട് രൂപപ്പെട്ട ബത്തേരി ടൗൺ, ചീരാൽ വെള്ളച്ചാൽ കോളനി എന്നിവിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. പാമ്പുകുനി കോളനിയിൽ ഒഴുക്കിൽപെട്ട് കാണാതായ 33 വയസുകാരൻ വിനോദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്സ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മേപ്പാടി, വൈത്തിരി, മാനന്തവാടി, ബത്തേരി, മുത്തങ്ങ മേഖലകളിലാണ് ഇന്നലെ രാത്രി കനത്ത മഴ പെയ്തത്. 

എന്നാൽ ബാണാസുര ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ കൂടുതൽ അളവിൽ മഴ പെയ്യാതിരുന്നത് ആശ്വാസമായി. ഡാമിലെ ജലനിരപ്പിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വയനാട്ടിൽ പത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി അൻപതോളം കുടുംബങ്ങളെയാണ് നിലവിൽ മാറ്റിപാർപ്പിച്ചത്. ഉരുൾ പൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് കണ്ണൂരിൽ നിന്നെത്തിയ 25 അംഗ കേന്ദ്രസേന 5 ദിവസമായി വയനാട്ടിൽ തുടരുകയാണ്.  മഴ കനക്കുകയാണെങ്കിൽ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിടാനാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios