3,500 കോടി വില വരുന്ന 340 കിലോ ഹെറോയിനും ഹാഷിഷ് ഓയിലും കൊച്ചിയിൽ നശിപ്പിച്ചു
ഹെറോയിനും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ 340 കിലോ ലഹരിമരുന്നാണ് കൊച്ചി കെല്ലിലെ പ്ലാന്‍റിലാണ് നശിപ്പിച്ചത്. ദേശീയ ലഹരി നിർമാജന ദിനത്തിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി. 337 കിലോ ഹെറോയിനും മൂന്നര കിലോ ഹാഷിഷ് ഓയിലുമാണ് നശിപ്പിച്ചത്.

കൊച്ചി: രണ്ട് വർഷം മുമ്പ് കൊച്ചി തീരത്ത് നിന്നും പിടികൂടിയ 3,500 കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ നശിപ്പിച്ചു. ഹെറോയിനും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ 340 കിലോ ലഹരിമരുന്നാണ് കൊച്ചി കെല്ലിലെ പ്ലാന്‍റിലാണ് നശിപ്പിച്ചത്. ദേശീയ ലഹരി നിർമാജന ദിനത്തിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി. 337 കിലോ ഹെറോയിനും മൂന്നര കിലോ ഹാഷിഷ് ഓയിലുമാണ് നശിപ്പിച്ചത്.
2021 ഏപ്രിലിൽ കൊച്ചി തീരത്ത് നിന്ന് പിടികൂടിയ അതിത്രീവ ലഹരിമരുന്നാണ് എറണാകുളം അമ്പലമേടിലെ കെയിലിന്റെ ബയോമാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തിൽ നശിപ്പിച്ചത്. ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിൽ കടത്താൻ ശ്രമിക്കവേ പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ ഏതാണ്ട് 3,500 കോടിയോളം രൂപ വില വരും. വലിയ അളവിലുള്ള ലഹരിമരുന്നായതിനാൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഹൈ ലെവല്‍ മോണിറ്ററിങ് കമ്മറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു നശീകരണം.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എന്‍സിബി സംഘം പിടികൂടുന്ന ലഹരി വസ്തുക്കൾ കൊച്ചിയിലെ ഗോഡൗണിലാണ് സൂക്ഷിച്ചിക്കുന്നത്. ഇതിൽ ആദ്യമായാണ് ഇത്രയും അളവിലുള്ള ലഹരിമരുന്ന് ശാസ്ത്രീയ മാര്‍ഗത്തിലൂടെ നശിപ്പിക്കുന്നത്. ദേശീയ ലഹരി നിർമാജന ദിനത്തിന്റെ ഭാഗമായി ചെന്നൈ, ബെംഗ്ലൂരു യൂണിറ്റുകളിലും എന്‍സിബി ലഹരിമരുന്ന് നശിപ്പിച്ചു. മൂന്നിടത്തുമായി 9,200 കിലോ ലഹരി മരുന്നാണ് കത്തിച്ച് കളഞ്ഞത്.