നാല് കോടി രൂപക്ക് മുകളിൽ വിലവരുന്ന 7.2 കിലോയോളം അനധികൃത സ്വര്‍ണ്ണമാണ് പിടികൂടിയത്. 13.2 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്.  

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഡിആർഐ. ഇവിടെ സ്ഥിരമായി എത്തിയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

കൊടുവള്ളി നഗരത്തിലെ ഒരു വീടിന്റെ മുകളിൽ സജീകരിച്ച സ്വര്‍ണ്ണം ഉരുക്കുന്ന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് നാല് കോടി രൂപക്ക് മുകളിൽ വില വരുന്ന 7.2 കിലോയോളം അനധികൃത സ്വര്‍ണ്ണം പിടികൂടിയത്. 13.2 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. കരിപ്പൂർ എയർപോർട്ടിലൂടെയടക്കം കടത്തിക്കൊണ്ടുവന്ന സ്വർണ്ണമാണ് പിടികൂടിയത്. കാലങ്ങളായി വീടിന്‍റെ ടെറസിൽ വെച്ച് ഇവർ കടത്ത് സ്വർണം ഉരുക്കിയിരുന്നതായാണ് ഡിആർഐ സംഘം വിശദീകരിക്കുന്നത്. കൊച്ചി ഡി ആര്‍ ഐ യൂണിറ്റില്‍ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അന്വേഷണ സംഘം കൊടുവള്ളിയിൽ ക്യാമ്പ് ചെയ്ത് വരികയായിരുന്നു. 

സംഭവത്തിൽ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. സ്വര്‍ണ്ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രത്തിന്‍റെ ഉടമ ജയാഫര്‍, കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പല രൂപങ്ങളിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം ഈ കേന്ദ്രത്തില്‍ വെച്ച് ഉരുക്കിയ ശേഷം തിരികെ നല്‍കുകയാണ് പതിവ്. മഹിമ ജ്വല്ലറി ഉടമ നല്‍കിയ സ്വര്‍ണ്ണമാണ് പിടികൂടിയതില്‍ ഭൂരിഭാഗവുമെന്ന് ഡി ആര്‍ ഐ വ്യക്തമാക്കി.

കോഴിക്കോട് വീടിന്‍റെ ടെറസിൽ സ്വർണം ഉരുക്കൽ, പാഞ്ഞെത്തി ഡിആർഐ, റെയ്ഡ്; എഴര കിലോ സ്വ‍ർണവും 13 ലക്ഷവും പിടികൂടി