കേരളത്തിന്റെ പൈതൃക ഗ്രാമമായി മാറാന്‍ ചേന്ദമംഗലത്തിന് കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു.  മുസിരിസ് പദ്ധതിക്ക് വേണ്ടി രാഷ്ട്രീയ കക്ഷിഭേദങ്ങള്‍ മറന്ന് മുഴുവനാളുകളും ഒന്നിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പറവൂര്‍: മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടുമായി ബന്ധപ്പെട്ട് വിവധി വികസന പദ്ധതികൾക്ക് തുടക്കമായി. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പുതുക്കി പണിത പാലിയം ഊട്ടുപുര, കൊക്കര്‍ണി എന്നിവയുടെയും ചേന്ദമംഗലം ഹോളിക്രോസ് പള്ളി, വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള പദ്ധതി ഏറ്റവും കാര്യക്ഷമവും സമയബന്ധിതവും പ്രദേശിക ജനവിഭാഗങ്ങള്‍ക്ക് ഉപയോഗ പ്രദവുമായ വിധത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 

മുസിരിസില്‍ ഒരുങ്ങുന്ന വിവിധ സ്മാരക മ്യൂസിയങ്ങളിലൂടെ സഞ്ചരിച്ച് പാലിയം സമരഭൂമി വരെ എത്തിച്ചേരുന്ന ഒരു സഞ്ചാരിക്ക് കേരളചരിത്രത്തിന്റെ 3000 വര്‍ഷങ്ങളുടെ പരിച്ഛേദം പകര്‍ന്ന് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പൈതൃക ഗ്രാമമായി മാറാന്‍ ചേന്ദമംഗലത്തിന് കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു. ക്ഷേത്രകലകളുടെ താവളമായി, വലിയ സംസ്‌കാരിക കേന്ദ്രമായി പാലിയം ഊട്ടുപുരയ്ക്ക് മാറാന്‍ കഴിയും. മുസിരിസ് പദ്ധതിക്ക് വേണ്ടി രാഷ്ട്രീയ കക്ഷിഭേദങ്ങള്‍ മറന്ന് മുഴുവനാളുകളും ഒന്നിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിനോദ സഞ്ചാരവകുപ്പിന് കീഴില്‍ മുസിരിസ് പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുന്ന വികസന, സംരക്ഷണ, നവീകരണ പരിപാടികളുടെ തുടര്‍ച്ചയായാണ് പോര്‍ച്ചുഗീസ് കാലത്ത് കോട്ടയില്‍ കോവിലത്ത് നിര്‍മ്മിക്കപ്പെട്ട ഹോളിക്രോസ് പള്ളിയുടെ പുനുരുദ്ധാരണ പരിപാടി ആരംഭിച്ചത്. സാംസ്‌കാരിക വൈവിധ്യത്തിന്റെ, വിവിധ മതങ്ങളും വിശ്വാസങ്ങളും ഏറ്റവും സഹവർത്തിത്വത്തോടെ പ്രവർത്തിച്ചിരുന്നു എന്നതിന്റെ വിവിധ ഉദാഹണങ്ങളിലൊന്നാണ് കോട്ടയിൽ കോവിലകത്ത് സ്ഥിതി ചെയുന്ന ഹോളിക്രോസ് ചർച്ച്. ജെസ്യൂട്ട് പാതിരിമാര്‍ 1577-ല്‍ നിര്‍മ്മിച്ച ഈ പള്ളിയുടെ പുരാതന പ്രൗഡിക്ക് കോട്ടം വരുത്താതെയാണ് മുഖപ്പും മേല്‍ക്കൂരയും പടിപ്പുരയും നവീകരിച്ചിട്ടുള്ളത്.

പാലിയച്ചനായിരുന്ന അഷ്ടമിയച്ചന്റെ കാലത്ത് നിര്‍മ്മിച്ച പാലിയം ഊട്ടുപുരയും സമീപത്തെ ജലസ്രോതസായ കൊക്കര്‍ണിയും നാശോന്മുഖമായ അവസ്ഥയിലായിരുന്നു. മുസരിസ് പദ്ധതിയുടെ ഭാഗമായി ഇവ നവീകരിച്ചു. കേരളത്തിലെ കൊച്ചി രാജ്യ ചരിത്രമായി ബന്ധപ്പെട്ടതാണ് പാലിയം കൊട്ടാരം. പറവൂരിനടുത്ത് ചേന്ദമംഗലത്ത് പാലിയംകൊട്ടാരത്തിന് സമീപത്താണ് പാലിയം ഊട്ടുപുര. കൊച്ചി രാജ്യത്തെ സൈനിക തലവന്മാരായ പാലിയത്തച്ഛൻ പരമ്പരയിലെ അഷ്ടമിയച്ഛൻറെ നേതൃത്വത്തിൽ നിർമ്മിച്ച ഈ ഊട്ടുപുര നശോന്മുഖമായ അവസ്ഥയിലായിരുന്നു. മുസിരിസ് പൈതൃക പദ്ധതി ഏറ്റെടുത്ത് മേൽക്കൂര, തറ ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ കേടുപാടുകൾ പരിഹരിച്ചു.

പ്രാദേശിക സംസ്‌കാരത്തെ നിലനിർത്തുന്നത് കാലാകാലങ്ങളായി നാടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ കൂടിയാണ്. ആറങ്കാവ് ക്ഷേത്രം,പാലിയം ഭഗവതി ക്ഷേത്രം, പാലിയം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം,കുന്നത്തുതള്ളി മഹാദേവ ക്ഷേത്രം, കോട്ടക്കാവ് ക്ഷേത്രം, പുതിയ ത്രിക്കോവ് ശിവ ക്ഷേത്രം, ഗോതുരുത്ത് ചെറിയ പള്ളി, ഗോതുരുത്ത് വലിയ പള്ളി, ഹോളിക്രോസ്സ് പള്ളി, മൂകാംബികാ ക്ഷേത്രം എന്നീ ആരാധനാലയങ്ങളുടെ വികസന പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കയിട്ടുണ്ട്.

ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, മുസിരിസ് പൈതൃക പദ്ധതിയുടെ മാനേജിങ് ഡയറക്ടര്‍ ഡോ.മനോജ് കുമാര്‍ കെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദന്‍, ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വം, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് മുന്നോടിയായി പാലിയം ഊട്ടുപുരയില്‍ കലാമണ്ഡലം നയനന്‍ അവസരിപ്പിക്കു ഓട്ടന്‍ തുള്ളലും നോര്‍ത്ത് പറവൂര്‍ അര്‍ജുന പയറ്റ് കളരിയിലെ കുട്ടികളുടെ മെയ് പയറ്റും മെയ്യഭ്യാസ ചുവടുകളുടെ പ്രദര്‍ശനവും നടന്നു. കാര്യക്ഷമമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹായിച്ച കോണ്‍ട്രാക്റ്റര്‍മാരായ ലിജോ കുര്യന്‍, ജിതിന്‍ സുധാകൃഷ്ണന്‍, ജംഷീദ് എം എന്നിവരേയും കലാകാരന്മായേയും ചടങ്ങില്‍ ആദരിച്ചു. 

Read More : റൺവേയിൽ വിമാനം മാത്രമല്ല, പറന്നിറങ്ങാൻ മറ്റൊരു കൂട്ടരും; കണ്ണൂർ വിമാനത്താവളത്തിൽ മയിലുകളെ പിടികൂടാൻ തീരുമാനം