ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം. പ്രതികൂല കാലാവസ്ഥ, ശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ചു
പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം. പ്രതികൂല കാലാവസ്ഥ, ശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ചു. എന്നാൽ, ശബരിമല തീർഥാടനത്തിന് ഈ നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് ദർശനത്തിനായി എത്തുന്ന തീർഥാടകർക്ക് യാത്ര തുടരാമെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
തീർഥാടകർ പാലിക്കേണ്ട പ്രധാന മുൻകരുതലുകൾ:
രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കുക.
ആളൊഴിഞ്ഞ വനമേഖലകളിലോ റോഡരികിലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലോ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
വനമേഖലകൾക്കിടയിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും അനാവശ്യമായി വാഹനം നിർത്തി വിശ്രമിക്കുകയോ താമസിക്കുകയോ ചെയ്യരുത്.
അധികൃതർ അനുവദിച്ചിട്ടുള്ള പാർക്കിങ് കേന്ദ്രങ്ങളും വിശ്രമകേന്ദ്രങ്ങളും മാത്രമേ ഉപയോഗിക്കാവൂ.
വെള്ളച്ചാട്ടങ്ങൾ, പുഴകൾ, തോടുകൾ, ചെറുകുളങ്ങൾ തുടങ്ങിയ ജലാശയങ്ങളിൽ ഇറങ്ങി കുളിക്കുകയോ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്.
മഴയെ തുടർന്ന് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങളുടെ സമീപത്ത് അനാവശ്യമായി സമയം ചെലവഴിക്കരുത്.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മരങ്ങൾ കടപുഴകി വീഴൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം.
വന്യമൃഗങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ വാഹനം നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്.
അധികൃതരുടെ മുന്നറിയിപ്പുകൾ, പൊലീസ്, വനം, റവന്യൂ, ദുരന്തനിവാരണ വിഭാഗങ്ങൾ എന്നിവയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
പ്രതികൂല കാലാവസ്ഥയിൽ അനാവശ്യ യാത്രകളും കാഴ്ച കാണുന്നതിനായുള്ള ഇടവേളകളും ഒഴിവാക്കണം.
അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ പൊലീസ്, ദുരന്തനിവാരണ അതോറിറ്റി അല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ വിവരം അറിയിക്കണം.
പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളും തീർഥാടകരും ജാഗ്രത പാലിക്കുകയും പൊലീസിന്റെയും മറ്റ് അധികൃതരുടെയും നിർദേശങ്ങൾ പൂർണമായി അനുസരിക്കുകയും ചെയ്യണമെന്ന് ജില്ലാ പൊലീസ് മേധാവി അഭ്യർഥിച്ചു.



