കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർദേശം എല്ലാവരും അംഗീകരിച്ചതായും ഇതിൻ്റെ പേരിൽ ആരേയും വിലക്കില്ലെന്നും മലയാള സിനിമ നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. നടൻമാരായ ടൊവിനോ തോമസിനേയും ജോജു ജോർജിനേയും വിലക്കിയേക്കും എന്ന അഭ്യൂഹം തള്ളിയാണ് നിർമ്മാതാക്കൾ ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ പുതിയ ചിത്രത്തിലെ പ്രതിഫലം കുറയ്ക്കാൻ ജോജുവും ടൊവിനോയും തയ്യാറായിട്ടുണ്ടെന്നും അവർ അറിയിച്ചു.

തൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രതിഫലം അൻപത് ലക്ഷത്തിൽ നിന്നും മുപ്പത് ലക്ഷമായി കുറയ്ക്കാൻ ജോജു ജോർജ് തയ്യാറായിട്ടുണ്ട്. പുതിയ ചിത്രത്തിൽ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനുള്ള സന്നദ്ധത ടൊവിനോ തോമസ് അറിയിച്ചിട്ടുണ്ട്. അഭിനയിക്കുന്ന സിനിമ റിലീസ് ചെയ്ത ശേഷം വിജയിച്ചാൽ നിർമ്മാതാവ് നൽകുന്ന ഷെയർ സ്വീകരിക്കാം എന്നാണ് ടൊവിനോയുടെ വാഗ്ദാനം. 

കൊവിഡ് സാഹചര്യത്തിൽ സിനിമകൾ പ്രേക്ഷകരിലെത്തിക്കാനും ലാഭം നേടാനും ബുദ്ധിമുട്ടായതിനാൽ നിർമ്മാണ ചിലവ് കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി താരങ്ങളും സാങ്കേതികപ്രവർത്തകരും പ്രതിഫലം കുറയ്ക്കണം എന്നായിരുന്നു നിർമ്മാതാക്കളുടെ നിർദേശം. ഇക്കാര്യം താരസംഘടനയായ അമ്മയേയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയേയും അറിയിക്കുകയും ഇരുസംഘടനകളും ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. 

സർക്കാർ അനുമതിയോടെ ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗ് പുനരാരംഭിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നിർമ്മാതാക്കളുടെ സംഘടന കൊച്ചിയിൽ യോഗം ചേർന്ന് നിലവിലെ സിനിമകളുടെ നിർമ്മാണചിലവിൻ്റെ കണക്കുകൾ പരിശോധിച്ചിരുന്നു. ഇതിലാണ് രണ്ട് താരങ്ങൾ പ്രതിഫലം കുറച്ചില്ലെന്ന് മാത്രമല്ല കൂട്ടിച്ചോദിക്കുകയും ചെയ്തുവെന്ന് പരാതി ഉയർന്നത്. 

സൂപ്പർതാരം മോഹൻലാൽ അടക്കം പുതിയ ചിത്രത്തിന് നേരത്തെയുള്ള പ്രതിഫലത്തിൻ്റെ പകുതി മാത്രം വാങ്ങുമ്പോൾ ആണ് രണ്ട് യുവതാരങ്ങൾ അധികപ്രതിഫലം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് ഇരുവരോടും പ്രതിഫലം കുറയ്ക്കാൻ നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെടുകയും ഇക്കാര്യത്തിൽ തീരുമാനമാകും വരെ പ്രസ്തുത ചിത്രങ്ങളുടെ നിർമ്മാണപ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.