തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികളെ വീണ്ടും ജയിൽ മാറ്റും. ജയിലിൽ ഫോണുപയോഗിച്ചു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജയിൽ മാറ്റുന്നത്. ഇന്ന് പുലർച്ചെ നടത്തിയ റെയ്‍ഡിൽ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതിയായ ഷാഫിയുടെ പക്കൽ നിന്ന് കണ്ടെത്തിയത് രണ്ട് സ്മാർട്ട് ഫോണുകളാണ്. നാളെ ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് വ്യക്തമാക്കി. 

കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലാണ് ജയിൽ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. കണ്ണൂരിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരിൽ യതീഷ് ചന്ദ്രയുമാണ് റെയ്‍ഡ് നടത്തിയത്. പുലർച്ചെ നാല് മണിയോടെയായിരുന്നു മിന്നൽ പരിശോധന. 

കണ്ണൂരിലെ റെയ്‍ഡിൽ നിന്ന് മൊബൈൽഫോൺ, കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവ കണ്ടെത്തി. റേഞ്ച് ഐജി അശോക് യാദവ്, എസ്‍പി പ്രതീഷ് കുമാർ എന്നിവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. 150 പൊലീസുകാരുടെ സംഘവുമായാണ് ഇവരെത്തിയത്. 

വിയ്യൂർ ജയിലിൽ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര അതി നാടകീയമായി പുലർച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്‍ഡിൽ കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതിൽ രണ്ടെണ്ണം ഷാഫിയുടേതാണ്. രണ്ടും സ്മാർട്ട് ഫോണുകളുമാണ്.

2013-ൽ കോഴിക്കോട് ജയിലിൽ ഷാഫിയടക്കമുള്ള പ്രതികൾ മൊബൈൽ ഉപയോഗിക്കുന്നതായി ആദ്യം കണ്ടെത്തിയത് ഏഷ്യാനെറ്റ് ന്യൂസാണ്. അന്ന് അർധരാത്രി ഷാഫി ജയിലിൽ കിടന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും, ചാറ്റ് ചെയ്യാറുള്ളതും തെളിവുകൾ അടക്കം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു. ഏഷ്യാനെറ്റ് ന്യൂസ് ഷാഫിയെ അന്ന് ഫോണിൽ വിളിച്ചപ്പോൾ ജയിലിലുള്ള ഷാഫി ഞങ്ങളോട് സംസാരിക്കുകയും ചെയ്തു. 

പിന്നീട്, 2017-ൽ ഇതേ പ്രതികൾ തന്നെ വിയ്യൂർ ജയിലിൽ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കൊടി സുനി, ടി കെ രജീഷ് എന്നിവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രതികള്‍ ജയിലിനുള്ളില്‍ സിഗരറ്റ് വലിക്കുന്നതും സിസി ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു.