Asianet News MalayalamAsianet News Malayalam

ടിപി വധക്കേസ് പ്രതിയുടെ ചിത്രം ഡിവൈഎഫ്ഐയുടെ ഫോട്ടോ പ്രദർശന മത്സരത്തിൽ; പ്രതിഷേധം കനത്തതോടെ ഫോട്ടോ 'മുക്കി'

ടിപി കൊല്ലപ്പെട്ടപ്പോൾ അച്ഛനില്ലാതായ ഒരു മകൻ തന്‍റെ  വീട്ടിൽ വളരുന്നത് ഡിവൈഎഫ് ഐ മറക്കരുതെന്ന് കെകെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

TP chandrashekharan Murder case accused photo in DYFI's photo exhibition competition
Author
Kannur, First Published May 4, 2020, 6:22 PM IST

കണ്ണൂര്‍: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയുടെ ചിത്രം ഫോട്ടോ പ്രദർശന മത്സരത്തിൽ ഉൾപ്പെടുത്തിയ ഡിവൈഎഫ്ഐ നടപടി വിവാദത്തിൽ. ടിപി വധക്കേസ് അഞ്ചാം പ്രതി മുഹമ്മദ് ഷാഫി അച്ഛനൊപ്പം നിൽക്കുന്ന ചിത്രമാണ് ഡിവൈഎഫ്ഐ പെരിങ്ങത്തൂർ മേഖലകമ്മിറ്റി ഫേസ്ബുക്ക് പേജിൽ ഉൾപ്പെടുത്തിയത്.

ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് എട്ടാം വാർഷിക ദിനത്തിലാണ് വിവാദം. ഡിവൈഎഫ്ഐ പെരിങ്ങത്തൂർ മേഖല കമ്മിറ്റിയുടെ ലോക്ക്ഡൗൺ ചിത്രപ്രദർശന മത്സരത്തിൽ രണ്ടാമത് എൻട്രിയായി ടിപിയുടെ കൊലയാളിയുടെ ചിത്രം. മുഹമ്മദ് ഷാഫി അച്ഛനൊപ്പം നിൽക്കുന്ന ചിത്രത്തിന് അടിയിൽ ഇവർ പ്രിയപ്പെട്ടവർ എന്ന് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കമന്‍റുമുണ്ട്. മെയ് രണ്ടിനാണ് ചിത്രം പ്രസിദ്ധീകരിച്ചത്. 1200 ഓളം കമന്‍റുകളാണ് പോസ്റ്റിന് കീഴിൽ വന്നത്. ടിപിയും മകനും നിൽക്കുന്ന ചിത്രം കമന്‍റായിട്ട് വലിയ പ്രതിഷേധമാണ് ഫേസ്ബുക്ക് പേജിലെത്തിയത്. ഇതോടെ ഇന്ന് രാവിലെ ഡിവൈഎഫ്ഐ ചിത്രം ഒഴിവാക്കി. 

ടി പി കേസ് പ്രതിയായ ഷാഫിക്ക് ജനങ്ങൾക്കിടയിൽ  താരപരിവേഷം നൽകാനാണ് ഡിവൈഎഫ്ഐയുടെ ശ്രമമെന്നും അച്ഛനോടൊപ്പമുള്ള കൊലയാളിയുടെ ചിത്രം പങ്ക് വച്ച ഡിവൈഎഫ്ഐയെ ജനം വിലയിരുത്തട്ടെയെന്നും കെ കെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ടിപി കൊല്ലപ്പെട്ടപ്പോൾ അച്ഛനില്ലാതായ ഒരു മകൻ തന്‍റെ  വീട്ടിൽ വളരുന്നത് ഡിവൈഎഫ് ഐ മറക്കരുതെന്നും അവ‍ര്‍കൂട്ടിച്ചേര്‍ത്തു. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്‍റെ പ്രതികരണം. മുഹമ്മദ് ഷാഫി പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. 2012 ൽ നടന്ന കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ടവരെല്ലാം സിപിഎം നേതാക്കളും അനുഭാവികളുമാണ്. 

Follow Us:
Download App:
  • android
  • ios