തിരുവനന്തപുരം: പാലാ അടക്കമുള്ള നിയമസഭാ സീറ്റുകളിൽ നിലപാട് കടുപ്പിച്ച് എൻസിപി. സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പ്രതികരിച്ചു. പാലാ അടക്കമുള്ള മുഴുവൻ സീറ്റുകളിലും എൻസിപി തന്നെ മത്സരിക്കും. സീറ്റുകൾ വിട്ടു കൊടുക്കേണ്ടെന്ന് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്നും സീറ്റുവിഷയത്തിൽ കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സിറ്റിംഗ് സീറ്റുകളിൽ കൈവച്ചാൽ മുന്നണി വിടണമെന്ന തീരുമാനത്തിൽടിപി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും ഒപ്പം കേന്ദ്രനേതൃത്വവും ഉണ്ടെന്നുറപ്പായതോടെ എൽഡിഎഫിന് ഇത് കൂടുതൽ തലവേദന സൃഷ്ടിച്ചേക്കും. അതേ സമയം പാലയുടെ പേരിൽ മാത്രം പിണങ്ങി മുന്നണി വിടരുതെന്ന നിലപാടിലാണ് എകെ ശശീന്ദ്രൻ. അതിനാൽ സംസ്ഥാനത്ത്  പാർട്ടിയെ പിളർത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം.