ഏതൊരാള്‍ക്കും സുരക്ഷിതമായി കാണാനും പരാതി പറയാനും പറ്റാവുന്ന സ്വഭാവ വിശേഷങ്ങള്‍ ജനപ്രതിനിധികള്‍ക്ക്‌ അനിവാര്യമാണെന്നും ടിപി രാമകൃഷ്‌ണന്‍

തിരുവനന്തപുരം: പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ടിപി രാമകൃഷ്‌ണന്‍. പീഡനത്തിന്‌ വിധേയരായവര്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ ശ്രദ്ധയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പെടുത്തിയിട്ടും ഇടപെടാതെ മാറി നിന്ന കോണ്‍ഗ്രസിന്റെ നേതൃത്വവും പ്രതിക്കൂട്ടിലാണ്‌. രക്ഷിതാവ്‌ എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന പരാതിക്കാരോട്‌ പറഞ്ഞ പ്രതിപക്ഷ നേതാവും ആ സ്ഥാനത്തിന്‌ യോജിച്ച നിലപാടല്ല സ്വീകരിച്ചത്‌.

ഏതൊരാള്‍ക്കും സുരക്ഷിതമായി കാണാനും പരാതി പറയാനും പറ്റാവുന്ന സ്വഭാവ വിശേഷങ്ങള്‍ ജനപ്രതിനിധികള്‍ക്ക്‌ അനിവാര്യമാണ്‌. ഇതില്‍ നിന്നും ഏറെ വ്യത്യസ്‌തമായ സ്വഭാവ വിശേഷങ്ങളാണ്‌ ഇദ്ദേഹത്തിന്‌ ഉണ്ടായിരുന്നതെന്നും വ്യക്തമാണ്‌. ജനാധിപത്യ സമൂഹത്തിന്‌ ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത സ്വഭാവ വിശേഷങ്ങളുള്ള ഒരാളെ എംഎല്‍എയായി നിലനിര്‍ത്തുന്നത്‌ കേരള സമൂഹത്തിന്‌ തന്നെ അപമാനകരമാണെന്നും ടിപി രാമകൃഷ്‌ണന്‍ പറഞ്ഞു.