പേരാമ്പ്രയിലെ വിവാദ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച അദ്ദേഹം, സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ആരോപിച്ചു. ചടങ്ങിൽ എൽഡിഎഫിന്റെ പ്രകടന പത്രികയും പ്രകാശനം ചെയ്തു

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദമായ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് ഒരു നോട്ടീസും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനറും സ്ഥാനാർഥിയുമായ ടി പി രാമകൃഷ്ണൻ. പേരാമ്പ്രയിൽ നടന്ന എൽ ഡി എഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഉയർന്നതോടെ അദ്ദേഹം ക്ഷുഭിതനാവുകയും ഞങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്തിനാണ് ഇത്ര ധൃതിയെന്ന് ചോദിക്കുകയും ചെയ്തു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പേരാമ്പ്രയിൽ അത് തകർക്കാൻ ബോധപൂർവമായ പ്രചാരണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവാദമായ തരത്തിലുള്ള അനൗൺസ്മെന്റ് എൽ ഡി എഫ് നടത്തിയിട്ടില്ലെന്നും പ്രചാരണം നടത്തുന്നവർ അതിന് തെളിവ് നൽകട്ടെയെന്നും ടി പി ആവശ്യപ്പെട്ടു. എൽ ഡി എഫിന്റെ ഔദ്യോഗിക പ്രചാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന അനൗൺസ്മെന്റുകളുടെ റെക്കോർഡുകൾ അടങ്ങിയ പെൻഡ്രൈവ് പരിശോധനയ്ക്കായി നൽകാൻ തയ്യാറാണ്. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ എന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണെന്നും ടി പി ആരോപിച്ചു.

പ്രകടന പത്രിക പുറത്തിറക്കി

പേരാമ്പ്രയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എളമരം കരീം, ഇകെ വത്സന് നൽകിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ പത്രികയിൽ വിശദീകരിക്കുന്നുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പുരോഗതിയും അടിസ്ഥാന സൗകര്യ വികസനവുമാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. ചടങ്ങിൽ ടി പി രാമകൃഷ്ണൻ പ്രകടന പത്രികയിലെ പ്രധാന നിർദ്ദേശങ്ങൾ വോട്ടർമാർക്കായി വിശദീകരിച്ചു.