തിരുവനന്തപുരം: ഇന്ത്യൻ ജവാന്മാരെ ചൈനീസ് പട്ടാളം വധിച്ചതിന്റെ യഥാർത്ഥ കാരണം വ്യക്തമാകേണ്ടതുണ്ടെന്ന് പ്രമുഖ നയതന്ത്ര വിദഗ്ദ്ധൻ ടിപി ശ്രീനിവാസൻ. എവിടെയാണ് പ്രശ്നം നടന്നത്, എങ്ങിനെയാണ് പ്രശ്നം തുടങ്ങിയത് എന്നൊക്കെ വ്യക്തമാകേണ്ടതുണ്ട്. പ്രശ്നങ്ങൾക്ക് കൊവിഡുമായി ബന്ധമുണ്ടോയെന്ന നിഗമനത്തിലെത്താൻ കേന്ദ്രസർക്കാർ വിശദീകരിച്ചാലേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

"സർക്കാർ ഇതുവരെ സത്യം പറഞ്ഞിട്ടില്ല. എപ്പോഴാണ് എന്താണ് നടന്നതെന്ന് പറഞ്ഞിട്ടില്ല. ചൈന പിൻവാങ്ങിയെന്ന് പറയുന്നു. സഹകരണത്തോടെ മുന്നോട്ട് പോകുമെന്നും പറയുന്നു. എല്ലാ കാര്യങ്ങളും കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നല്ല പറയുന്നത്. ഇതുവരെയുള്ള കാര്യങ്ങൾ പരിഹരിക്കപ്പെടണം എന്നാണ്."

"ചാനലുകളോ പത്രങ്ങളോ വഴി ചർച്ച നടക്കരുത് എന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നത്. മറ്റ് വാർത്താ സ്രോതസ്സുകളെ നമ്മുടെ മാധ്യമങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിൽ 40 വർഷമായി ഒരു തരത്തിലുള്ള യുദ്ധവും നടന്നിട്ടില്ല. ഇപ്പോൾ വെടിവയ്പ്പുണ്ടായെന്നും വിവരമില്ല. കല്ലെറിഞ്ഞുവെന്നും ഗുസ്തി പിടിച്ചെന്നും പറയുന്നു. എങ്ങിനെയാണ് മരിച്ചതെന്ന് പറയുന്നില്ല. അവ്യക്തതയുണ്ട്."

"കേന്ദ്രം പ്രശ്നം പരിഹരിച്ച ശേഷം കാര്യങ്ങൾ വിശദീകരിക്കാമെന്നും സംഘർഷത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. വിദഗ്ദ്ധർ കേന്ദ്രം സത്യം പറയാത്തതെന്തെന്ന് ചോദിക്കുന്നുണ്ട്. ഏത് സ്ഥലത്താണ് പ്രശ്നം, ആരാണ് അതിർത്തി കടന്നത്, ചൈനയാണെങ്കിൽ അവർ എങ്ങിനെ അവിടെയെത്തി എന്നൊന്നും പറയുന്നില്ല. ഗൽവാൻ താഴ്വര ഒരിക്കലും ഈ അതിർത്തിയിൽ നിശ്ചയിക്കപ്പെട്ടിരുന്നില്ല. ഇതിലൊക്കെ ഒരു നിഗമനത്തിലെത്തണമെങ്കിൽ കേന്ദ്രസർക്കാർ വിശദീകരിച്ചാൽ മാത്രമേ സാധിക്കൂ," എന്നും ടിപി ശ്രീനിവാസൻ വിശദീകരിച്ചു.