തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാൻ ചീറ്റകള്‍ വരുന്നു. നഗരത്തിൽ ചീറ്റ എന്ന പേരിൽ ആറ് പ്രത്യേക വാഹനങ്ങൾ അടുത്തയാഴ്ച ഇറക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ട്രാഫിക് നിയന്ത്രിക്കുന്നതിന് ആപ്പും നഗരത്തിൽ കൊണ്ടുവരുമെന്ന് ഡിജിപി വ്യക്തമാക്കി. തലസ്ഥാന നഗരത്തിൽ ഇപ്പോൾ 10 ലക്ഷത്തിലധികം വാഹനങ്ങളാണുള്ളത്. ഇത്രയും വണ്ടികൾക്കാവശ്യമായ സൗകര്യങ്ങൾ നഗരത്തിലില്ല.

1990 ലുള്ള അത്രയും എണ്ണം ട്രാഫിക് പൊലീസുകാർ മാത്രമാണ് ഇപ്പോഴും നഗരത്തിലുള്ളത്. രാജ്യത്തെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന നഗരമായ തലസ്ഥാനത്തെ ഗതാഗത പരിഷ്ക്കാരങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പൊലീസ് റസിഡൻസ് അസോസിയേഷൻ പ്രതിനിധികള്‍ ഉൾപ്പടെയുള്ളവരുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. ഗൾഫ് രാജ്യങ്ങളിലെ ട്രാഫിക് സംവിധാനം തലസ്ഥാനത്ത് നടപ്പാക്കാനാണ് ശ്രമമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരിച്ചു. 

നഗരത്തിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും. നിയമലംഘനങ്ങൾ പരിശോധിക്കാൻ ആറ് വാഹനങ്ങൾ നഗരത്തിൽ, 
എംജി റോഡിലെ പ്രകടനം മറ്റൊരു സ്ഥലത്തേക്ക് മാറ്റുക, ഗതാഗതക്കുരുക്ക് രൂക്ഷമായ സ്ഥലങ്ങളിൽ വൺവേ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിർദ്ദേശങ്ങൾ വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ മുന്നോട്ട് വച്ചു. നിർദ്ദേശങ്ങൾ സർ‍ക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഡിജിപി വ്യക്തമാക്കി.