ജർമനിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 3 മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ മുഴുവൻ ചെലവുകളും സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്സ് വഹിക്കും. തീവെപ്പാണെന്ന സംശയത്തിൽ റുമേനിയൻ പൗരനെ ജർമൻ പോലീസ് ചോദ്യം ചെയ്തുവരികയാണ്

തിരുവനന്തപുരം: ജര്‍മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. എല്ലാ ചെലവും നോര്‍ക്ക റൂട്ട്സ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ജോയി, കട്ടപ്പന സ്വദേശി നോവ സാബു, എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് പേരും ജോലിക്കും പഠനത്തിനുമായി മാസങ്ങള്‍ക്ക് മുന്‍പ് ജര്‍മ്മനിയില്‍ എത്തിയവരാണ്. അതേസമയം കെട്ടിടത്തിന് തീയിട്ടതാണെന്ന സംശയത്തില്‍ ജര്‍മന്‍ പൊലീസ് പിടികൂടിയ റുമേനിയന്‍ പൗരന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്.

മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് നോർക്ക അറിയിച്ചു. മന്ത്രിമാര്‍, എം പിമാര്‍ തുടങ്ങിയവരും ജര്‍മനിയിലെ മലായാളി സംഘനകളും കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളുടെ ഏകോപനം നടക്കുന്നത്. മുഴുവൻ ചെലവും നോര്‍ക്ക റൂട്ട്സ് വഹിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

തീരാവേദനയിൽ കുടുംബം

ജർമനിയിലെ തീപിടിത്തത്തിൽ മക്കളെ നഷ്ടമായതിന്‍റെ തീരാവേദനയിലാണ് ഇവരുടെ കുടുംബം. വെയര്‍ഹൗസ് അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ച് ജര്‍മനിയില്‍ തന്നെ അധ്യാപികയായി ജോലിക്ക് കയറാനുളള പരിശ്രമത്തിലായിരുന്നു അഞ്ജലി. പെണ്‍മക്കളില്‍ ഒരാളെ നഷ്ടമായതിന്‍റെ തീരാവേദനയിലാണ് അച്ഛന്‍ ജോയിയും അമ്മ ഷീലയും. നടുക്കം വിട്ടുമാറാതെയാണ് ബന്ധുക്കളും നാട്ടുകാരും മരണവാർത്ത കേട്ടത്. ജര്‍മ്മനിയില്‍ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. റിട്ടയേര്‍ഡ് എസ് ഐ കെ പി സാബുവിന്‍റെയും ജ്യോതിയുടെയും മകളാണ് നോവ. സുഹൃത്തായ അഞ്ജയിലെ കാണാന്‍ അപ്പാര്‍ട്ട്മെന്‍റില്‍ എത്തിയപ്പോഴായിരുന്നു തീപിടിത്തം ഉണ്ടായത്. നാല്‍പത് ദിവസം മുന്‍പ് യാത്ര പറഞ്ഞ് ജര്‍മനിയിലേക്ക് പോയ സിവിന്‍ ജോണിയാണ് ചേതനയറ്റ് ഉറ്റവരിലേക്ക് മടങ്ങി എത്തുന്നത്. സങ്കടം സഹിക്കാനാകാത്ത അവസ്ഥയിലാണ് മൂന്ന് പേരുടെയും കുടുംബവും നാട്ടുകാരും.

അതേസമയം അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തിന് തീയിട്ടതാണെന്ന സംശയത്തിലാണ് ജർമനിയിൽ അന്വേഷണം പുരോഗമിക്കുന്നത്. അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാരനായ റുമേനിയന്‍ പൗരനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തു വരികയാണ്. കൊല്ലപ്പെട്ട മലയാളികളായിരുന്നില്ല ഇയാളുടെ ലക്ഷ്യം എന്നാണ് നിഗമനം. അപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട് നിലനിന്ന ഒരു തര്‍ക്കമാണ് കാരണമെന്നാണ് കരുതുന്നത്.

YouTube video player