കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ പുനരാരംഭിച്ചു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തിലാണ് വിചാരണ വീണ്ടും പുനരാരംഭിച്ചത്.  കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയടക്കമുള്ളവർ ഇന്ന് കോടതിയിൽ ഹാജരായി. 

കഴിഞ്ഞ ആഴ്ച കേസില്‍ വിചാരണ ആരംഭിക്കുമ്പോള്‍ വിദേശത്തായിരുന്ന നടൻ ദിലീപ് ഇന്നലെ നാട്ടിൽ തിരിച്ചെത്തിയെങ്കിലും അദ്ദേഹം ഇന്നും കോടതിയിൽ ഹാജരായിട്ടില്ല. അദ്ദേഹം അഭിഭാഷകൻ മുഖേനെ ഇന്ന് അവധി ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി വിധി പ്രകാരം നടിയെ ആക്രമിച്ച ദൃശ്യം പരിശോധിക്കാനുള്ള വിദഗ്ധൻ ആരാണെന്ന് കോടതിയെ അറിയിക്കാൻ ദിലീപിന്  വിചാരണ കോടതി നി‍ർദ്ദശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് നി‍ർദ്ദേശം.

അതേസമയം ജാമ്യത്തിലിറങ്ങിയ കേസിലെ ഒന്‍പതാം പ്രതി സുനില്‍ കുമാറിനെതിരെ വിചാരണ കോടതി നടപടികള്‍ ആരംഭിച്ചു. മുങ്ങിയ പ്രതിയുടെ ജാമ്യക്കാരോട് ജനുവരി 10-നകം കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ഇയാളുടെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയിരുന്നു.