കഴിഞ്ഞ വർഷം മാർച്ച് 14ന് കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പൊലീസ് കേസ്.
തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ സ്വദേശിയായ വിദേശ വനിത ലിഗയെ ബലാംസംഗം ചെയ്ത് കൊന്ന കേസിൽ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. രണ്ട് പ്രതികളുള്ള കേസിൻറെ വിചാരണ തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് നടക്കുന്നത്. വിചാരണയിൽ പ്രോസിക്യൂഷനെ സഹായിക്കാനായി പൊലീസിന്‍റെ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
ആയുർവേദ ചികിത്സക്കായി കേരളത്തില്‍ എത്തിയതായിരുന്നു ലിഗ. കഴിഞ്ഞ വർഷം മാർച്ച് 14ന് കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് കേസ്.
ഉമേഷ്, ഉദയൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോവളത്തുനിന്ന് കാണാതായ വിദേശ വനിതയെ ആഴ്ചകള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ആഴ്ചകള്‍ക്കു ശേഷം ലിഗയുടെ അഴുകിയ മൃതദേഹമാണ് തിരുവല്ലത്തുള്ള പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. ലഹരിമാഫിയ സംഘത്തിന്‍റെയും സാമൂഹ്യവിരുദ്ധരുടെയും താവളമായ ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സമീപവാസികളായ രണ്ട് യുവാക്കള്‍ പിടിയിലാകുന്നത്.
കോവളത്ത് വച്ച് കണ്ട യുവതിയെ തന്ത്രപൂർവ്വം പൊന്തകാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ദിനിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
കേസിന്‍റെ നടത്തിപ്പിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. സാക്ഷി വിസ്താരത്തിന്‍റെയും വിചാരണയുടെയും തീയതി ഇന്ന് കോടതി തീരുമാനിക്കും. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട വനിതയുടെ സുഹൃത്ത് ആൻഡ്രു ജോർദ്ദൻ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ഹർജി തള്ളിക്കളഞ്ഞിരുന്നു.
