തിരുവനന്തപുരം: എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവ്വീസ് നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദില്ലിയിൽ നിന്നടക്കം പ്രത്യേകം ട്രെയിൻ അനുവദിക്കുന്നതിനുള്ള പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബം​ഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് നോൺ എസി ട്രെയിനാക്കി എല്ലാ ദിവസവും സർവ്വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. മെയ് 18 മുതൽ ജൂൺ 14വരെ കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളെ പശ്ചിമബം​ഗാളിലേക്ക് അയക്കും. ഇതിനായി 28 ട്രെയിനുകൾ സജ്ജമാക്കും.

ദില്ലിയിലെ മലയാളി വിദ്യാർത്ഥികൾ ആശങ്കയിലാണ്. അവരെ തിരികെ കൊണ്ടുവരാൻ  വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചത്. മറ്റ് യാത്രക്കാർക്കൊപ്പം ഐആർസിടിസി ഓൺലൈൻ ടിക്കറ്റ്, എസി ട്രെയിൻ ഫെയർ എന്നിവ ഇവർക്കു ലഭിക്കാൻ തടസമായി. നോൺ എസി വണ്ടിയിൽ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ മാർഗ്ഗം തേടി. ടിക്കറ്റ് അവർ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കും.  ദില്ലിയിലെ ഹെൽപ്പ് ഡസ്ക് വഴി ഇത് ഏകോപിപിക്കും. ഇതിനു വേണ്ടി സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യും. ദില്ലിയിൽ നിന്നടക്കം പ്രത്യേകം ട്രെയിൻ അനുവദിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങൾ റെയിൽവെയിൽ നിന്ന് ഉടൻ ലഭിക്കും. രണ്ട് ദിവസത്തിനുള്ളിിൽ പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.